ആലപ്പുഴ: നഗരസഭയിലെ ജനകീയ അടുക്കളകൾ വഴിയുള്ള ഭക്ഷണ വിതരണം 50 ദിനങ്ങൾ പിന്നിട്ടു. കൊവിഡ് ബാധിതർ, ക്വാറന്റെനിൽ കഴിഞ്ഞവർ, ജില്ലാ ആശുപത്രിയിലും സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലും സി.ഫ്.എൽ.റ്റി.സി യിലും വിവിധ ഡി.സി.സി കളിലും പ്രവേശിക്കപ്പെട്ടവർ, ആരോഗ്യ പ്രവർത്തകർ, ലോക്ക്ഡൗൺ മൂലം ഭക്ഷണം ലഭിക്കാതെ പ്രതിസന്ധിയിലായവർ, പുനരധിവാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിക്കപ്പെട്ട തെരുവു നിവാസികൾ തുടങ്ങി കഷ്ടതയിലായ വിവിധ വിഭാഗങ്ങൾക്ക് എല്ലാദിവസവും ഉച്ചയ്ക്കും വൈകുന്നേരവും രണ്ടു നേരം ഭക്ഷണം ഉറപ്പാക്കാൻ കഴിഞ്ഞു.
നഗരസഭയുടെ തനത് ഫണ്ടിൽ നിന്നാണ് ജനകീയ ഭക്ഷണശാലകൾക്കുള്ള തുക കണ്ടെത്തിയത്. പ്രതിദിന ബില്ല് 5 ലക്ഷം കടന്ന ദിവസങ്ങളുണ്ടായിരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏഴ് ജനകീയ അടുക്കളകളിലൂടെ പ്രതിദിനം 3000 കുടുംബങ്ങളിലെ എണ്ണായിരത്തിലധികം പേരുടെ വിശപ്പടക്കാൻ കഴിഞ്ഞു. രുചികരമായി ഭക്ഷണം തയ്യാറാക്കിയ കുടുംബശ്രീ പ്രവർത്തകർ, പായ്ക്ക് ചെയ്യുന്നതിനും കൃത്യസമയത്ത് വീടുകളിൽ ഭക്ഷണം എത്തിച്ച് നൽകുന്നതിനും പ്രവർത്തിച്ച വോളണ്ടിയർമാർ, ഉദ്യോഗസ്ഥർ, അടുക്കളകൾ പ്രവർത്തിപ്പിക്കുന്നതിന് സൗകര്യങ്ങൾ ഒരുക്കിതന്ന ആരാധനാലയങ്ങൾതുടങ്ങിയവർക്ക് നഗരസഭ അദ്ധ്യക്ഷ സൗമ്യരാജ്, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എ.ഷാനവാസ് എന്നിവർ നന്ദി അറിയിച്ചു.