a-vijayaraghavan

ആലപ്പുഴ: പാർട്ടിപ്രവർത്തകർക്ക് സൈബറിടങ്ങളിലും അച്ചടക്കം ബാധകമാണെന്നും തെറ്റായ ഒരു ശൈലിയും പാർട്ടി പ്രോത്സാഹിപ്പിക്കില്ലെന്നും സി.പി.എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു. നിയമസഭാതിരഞ്ഞെടുപ്പ് സംബന്ധിച്ച റിവ്യു റിപ്പോർട്ട് ചർച്ച ചെയ്യാൻ ചേ‌ർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ ആലപ്പുഴയിൽ എത്തിയതായിരുന്നു അദ്ദേഹം.

രാമനാട്ടുകര സ്വർണക്കടത്ത് ക്വട്ടേഷനിൽ സി.പി.എം അംഗങ്ങൾക്ക് പങ്കുണ്ടെന്ന് വ്യക്തമായതിനെ തുട‌‌ർന്നായിരുന്നു മാദ്ധ്യമങ്ങളോട് വിജയരാഘവന്റെ പ്രതികരണം. പാർട്ടിക്ക് അംഗീകരിക്കാൻ കഴിയാത്ത പ്രവർത്തനം ആര് നടത്തിയാലും കർശനമായ നടപടി സ്വീകരിക്കും. സൈബർ ഇടങ്ങളിൽ എങ്ങനെ ഇടപെടണമെന്ന് കർശന മാർഗനിർദ്ദേശം നൽകിയിട്ടുണ്ട്. സി.പി.എമ്മുമായി ബന്ധമുള്ളവരല്ല പ്രതികൾ. ഡി.വൈ.എഫ്.ഐ ബന്ധം അറിഞ്ഞപ്പോൾ തന്നെ മാറ്റിനിറുത്താൻ ശ്രദ്ധിച്ചിട്ടുണ്ട്. സ്ത്രീപക്ഷ സമീപനം പാർട്ടിയുടെ ശൈലിയാണ്. സ്ത്രീക്ക് തുല്യ പദവി എന്നത് സി.പി.എം നയമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന കമ്മിറ്റി പ്രതിനിധികളായ ഡോ.തോമസ് ഐസക്, പി. കരുണാകരൻ എന്നിവരും പങ്കെടുത്തു.