ഹരിപ്പാട്: കായംകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന സി.പി.എം നിയന്ത്രണത്തിലുള്ള കോ-ഓപ്പറേറ്റീവ് ട്രാൻസ്പോർട്ടിന്റെ (കെ.സി.ടി) ബസുകൾ പൊളിച്ചുവിൽക്കുന്നതിനെതിരെ സി. ഐ.ടി.യു നേതൃത്വത്തിൽ തൊഴിലാളികൾ സമരം ചെയ്തു.
മൂന്ന് പഴയ ബസുകൾ പൊളിക്കാൻ തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്.
പഴയ ബസുകൾ പൊളിച്ചു വിൽക്കുവാനുള്ള തീരുമാനം തൊഴിലാളികളെ അറിയിക്കണമെന്ന് വ്യവസ്ഥയുണ്ടെന്നും മാനേജ്മെന്റിലെ ചിലർ നടത്തിയ ഗൂഢാലോചനയുടെ ഫലമായി പാവുമ്പാ സ്വദേശികൾക്ക് പഴകിയ ബസുകൾ പൊളിച്ചെടുക്കുവാനുള്ള അവകാശം രഹസ്യമായി നല്കുകയായിരുന്നുവെന്നും തൊഴിലാളികൾ ആരോപിച്ചു.
സി.പി.എം ജില്ലാ നേതൃത്വത്തിനും മാനേജ്മെൻറിനും എതിരെ മുദ്രാവാക്യം മുഴക്കിയും പൊളിച്ച ബസിന്റെ ബോഡിയിൽ കൊടി കെട്ടിയും നടത്തിയ സമരത്തിനൊടുവിൽ മാനേജ്മെന്റ് പ്രതിനിധികൾ ചർച്ചയ്ക്കൊരുങ്ങി.
കൊവിഡ് നിയന്ത്രണങ്ങൾ നീക്കുന്ന മുറയ്ക്ക് സർവീസുകൾ പുന:രാരംഭിക്കുകയും തൊഴിലാളികൾക്കു തൊഴിൽ ഉറപ്പു വരുത്തുമെന്നും അതിന് ശേഷം തൊഴിലാളികളുടെ അറിവോടും സമ്മതത്തോടും കൂടി മാത്രമേ പഴയ ബസുകൾ പൊളിച്ചുമാറ്റുകയുള്ളുവെന്ന് മാനേജ്മെന്റ് പ്രതിനിധികളായ ശിവ പ്രസാദ്, വിജയകുമാർ, അനിൽകുമാർ എന്നിവർ തൊഴിലാളികൾക്ക് ഉറപ്പു നൽകി. തുടർന്ന് ഉച്ചയോടെ സമരം അവസാനിച്ചു.രഘുനാഥ്, കുഞ്ഞുമോൻ, മനോജ് കുമാർ എന്നിവർ സമരത്തിന് നേതൃത്വം നൽകി.