ആവശ്യത്തിന് ചകിരി കിട്ടാനില്ല

ആലപ്പുഴ : ചകിരിക്ഷാമത്തെത്തുടർന്ന് കയർപിരി മേഖല പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. കൊവിഡ് കാലത്ത് തൊഴിലുറപ്പ് പദ്ധതി നിലച്ചതോടെ, കൂടുതൽ തൊഴിലാളികൾ ഈ രംഗത്ത് എത്തിയതിനാൽ 20 മുതൽ 25ശതമാനം വരെ കയർ ഉത്പാദനം വർദ്ധിച്ചു. ഇതിനനുസരിച്ച് കൂടുതൽ ചകിരി എത്തിക്കാൻ കഴിയാത്തതാണ് ഇപ്പോൾ മേഖല അഭിമുഖീകരിക്കുന്ന പ്രധാന പ്രതിസന്ധി. ഇതോടെ ജില്ലയിലെ 35,000ൽ അധികം തൊഴിലാളികളുടെ ജീവിതം ദുരിതത്തിലായി. നിലവിലെ പ്രതിസന്ധി മുൻകൂട്ടി കണ്ട് ചില കയർ ഉത്പാദക സഹ.സംഘങ്ങൾ നേരത്തെ സ്വകാര്യ മേഖലയിലെ മില്ലുകളിൽ നിന്ന് ചകിരി വാങ്ങി ശേഖരിച്ചിരുന്നു. ഏപ്രിൽ 30ന് ശേഷം കയർഫെഡിൽ നിന്നേ സംഘങ്ങൾ ചകിരി വാങ്ങാവൂ എന്നാണ് സർക്കാർ ഉത്തരവ്.

കയർപിരി മേഖല പോലെ കയർ ഉത്പന്ന മേഖലയിലും കടുത്ത പ്രതിസന്ധിയാണ്. ഉത്പന്നങ്ങൾ കയർ കോർപ്പറേഷന് എടുക്കാൻ കഴിയുന്നില്ല. കയർ ഭൂവസ്ത്ര നിർമ്മാണ മേഖലയിൽ മാത്രമാണ് ഇപ്പോൾ തൊഴിലുള്ളത്.

കയർ കെട്ടിക്കിടക്കുന്നു

കൊവിഡിനെ തുടർന്ന് ഏപ്രിൽ മുതൽ കയർപിരിമേഖലയിൽ ഉത്പാദനം വർദ്ധിച്ചു. ശരാശരി പ്രതിമാസം 200ക്വിന്റൽ കയർ ഉത്പാദിപ്പിച്ചിരുന്ന സംഘങ്ങളിൽ ലോക്ക്ഡൗൺ വന്നതോടെ 250ക്വിന്റൽ വരെ ഉത്പാദിക്കുന്നുണ്ട്. മേയ് മാസം പിരിച്ച കയർ പൂർണ്ണമായും സംഘങ്ങൾ എടുത്തിട്ടില്ല.

വിലയിൽ തമിഴ്നാട്

മില്ലുകളുടെ കളി

സംസ്ഥാനത്ത് കയർഫെഡിന്റെ ഉടമസ്ഥതയിൽ മലബാറിൽ പ്രവർത്തിക്കുന്ന ഡീഫൈബറിംഗ് മില്ലുകളിൽ ചകിരി ഉത്പാദനം വർദ്ധിച്ചതോടെ തമിഴ്നാട്ടിലെ സ്വകാര്യമില്ലുകൾ ചകിരിവില കുത്തനേ കുറച്ചു. കിലോഗ്രാമിന് 23രൂപ നിരക്കിലാണ് കയർഫെഡ് സംഘങ്ങൾക്ക് ചകിരി നൽകുന്നത്. തമിഴ്നാട്ടിലെ സ്വകാര്യ മില്ലുടമകൾ സംഘം ഭാരവാഹികളെ സ്വാധീനിച്ച് കുറഞ്ഞ നിരക്കിൽ ചകിരി നൽകാമെന്ന വാഗ്ദാനവുമായി രംഗത്ത് എത്തിയത് സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന 125 ഡീഫൈബറിംഗ് മില്ലുകളുടെ പ്രവർത്തനത്തിന് ഭീഷണിയാകുന്നു.

തമിഴ്നാട്ടിലെ മില്ലുകൾ 2019 മുതൽ വാങ്ങിവന്ന വില( കിലോഗ്രാമിന്) : ₹32

കയർ ഫെഡ് ഉത്പാദനം കുറച്ചപ്പോൾ തമിഴ്നാട് മില്ലുകൾ വാങ്ങുന്നത് : ₹17

"ജില്ലയിൽ 8000 ചെറുകിട ഉത്പാദക സംഘങ്ങളും 35,000 തൊഴിലാളികളുമുണ്ട്. ഉത്പന്നങ്ങൾ ശേഖരിക്കാൻ ഗോഡൗൺ ഇല്ലാത്ത അവസ്ഥയിലാണ്. കയർ തടുക്ക് നിർമ്മാണ മേഖലയിൽ തൊഴിൽ നിലച്ച അവസ്ഥയാണ്. അഞ്ചു ലക്ഷത്തിൽ അധികം രൂപയുടെ കയർഭൂവസ്ത്രം സംഘങ്ങളിൽ കെട്ടിക്കിടക്കുന്നുണ്ട്.

എം.പി.പവിത്രൻ, പ്രസിഡന്റ്, ചെറുകിട കയർ ഉത്പാദക സംഘം

"സംസ്ഥാനത്ത് ചകിരി ഉത്പാദനം വർദ്ധിപ്പിച്ചതിനാൽ വില പിടിച്ചു നിറുത്തനായി. തമിഴ്നാട് മില്ലുകൾ കിലോയ്ക്ക് 32രൂപയിൽ നിന്ന് 17രൂപയാക്കി കുറച്ചു. സംഘങ്ങൾക്ക് കൂടുതൽ ചകിരി എത്തിക്കാനുള്ള ശ്രമത്തിലാണ്.

അഡ്വ. എൻ.സായ്‌കുമാർ, പ്രസിഡന്റ്, കയർഫെഡ്