s

ആലപ്പുഴ : ഡീസൽ വില വർദ്ധനവും കൊവിഡ് കാലത്തുണ്ടായ യാത്രക്കാരുടെ കുറവും സൃഷ്ടിക്കുന്ന നഷ്ടം നികത്താൻ കെ.എസ്.ആർ.ടി.സി ഓർഡിനറി സർവീസുകൾ ഡബിൾ ഡ്യൂട്ടി സംവിധാനത്തിൽ നിന്ന് സിംഗിൾ ഡ്യൂട്ടിയിലേക്ക് മാറ്റുന്നു. പുതിയ പരിഷ്‌കാരം പരീക്ഷണാടിസ്ഥാനത്തിൽ ജില്ലയിലെ ഡിപ്പോകളിലും നടപ്പാക്കിത്തുടങ്ങി.
14 മുതൽ 16 മണിക്കൂർ വരെ നീളുന്നതാണ് ഡബിൾ ഡ്യൂട്ടി. ഇതിൽ ഭൂരിഭാഗം സമയത്തും ബസുകൾ നിരത്തിലായിരിക്കും. എട്ട് മുതൽ 12 മണിക്കൂർ വരെയാണ് സിംഗിൾ ഡ്യൂട്ടി സമയം. ഇതിൽ പരമാവധി ഏഴ് മണിക്കൂർ മാത്രമേ ബസ് ഓടുകയുള്ളു (സ്റ്റിയറിംഗ് സമയം). ബാക്കിയുള്ള സമയം ബസ് ഡിപ്പോകളിൽ നിറുത്തിയിടും. നിരത്തിൽ യാത്രക്കാർ കുറവുള്ള സമയത്തായിരിക്കും ഇങ്ങനെ നിറുത്തിയിടുക. യാത്രക്കാരില്ലാത്ത സമയത്ത് ഓടിയുള്ള അനാവശ്യ ഡീസൽ ചെലവ് ഇതിലൂടെ ഒഴിവാകും.

ഡബിൾ ഡ്യൂട്ടിയിൽ ശരാശരി 108 ലിറ്റർ ഡീസൽ ആവശ്യമായി വരുമ്പോൾ സിംഗിൾ ഡ്യൂട്ടിയിൽ 50 ലിറ്റർ ഡീസൽ മതിയാകും.

ഡബിൾ,സിംഗിൾ

ഡബിൾ ഡ്യൂട്ടി സമ്പ്രദായത്തിൽ ബസുകൾ ചെറിയ സമയത്തിന്റെ ഇടവേളയിലാണ് ഡിപ്പോകളിൽ നിന്ന് സർവീസ് ആരംഭിക്കുന്നതെന്നതിനാൽ കൂട്ടത്തോടെ സർവീസ് അവസാനിക്കുകയും ചെയ്യും. രാവിലെ അഞ്ച് മുതൽ ആറ് വരെയുള്ള സമയത്താണ് സർവീസുകളുടെ ആരംഭം. ഗതാഗതക്കുരുക്കിൽപ്പെട്ട് ഭൂരിഭാഗം സർവീസുകളുടെയും സമയക്രമം തെറ്റുന്നതോടെ ബസുകൾ ഒന്നിന് പിറകെ ഒന്നായി എത്തുന്നതും പതിവാണ്.

സിംഗിൾ ഡ്യൂട്ടി സംവിധാനത്തിൽ സർവീസുകൾ ആരംഭിക്കുന്നതിന്റെ ഇടവേളദൈർഘ്യം കൂടുതലായിരിക്കും. അതുകൊണ്ട് രാത്രി 9 വരെ ബസുകൾ നിരത്തിലുണ്ടാകും

ആലപ്പുഴ ഡിപ്പോയിൽ

₹ 9.45 ലക്ഷം : ലോക്ക് ഡൗണിന് മുമ്പ് പ്രതിദിന വരുമാനം

₹4.42 ലക്ഷം : ലോക്ക് ഡൗണിന് ശേഷമുള്ള പ്രതിദിന വരുമാനം

'' ജില്ലയിലും സിംഗിൾ ഡ്യൂട്ടി സംവിധാനം നടപ്പിലാക്കി തുടങ്ങി. ഈ സംവിധാനത്തിൽ ആഴ്ചയിൽ നാല് ദിവസം ഉദ്യോഗസ്ഥർക്ക് ജോലി ചെയ്താൽ മതി. ലോക്ക് ഡൗണിനുശേഷം എല്ലാ സർവീസുകളും തുടങ്ങിയിട്ടില്ല. തുടർ ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ ആരംഭിക്കും.

(അശോക് കുമാർ, ഡി.ടി.ഒ ആലപ്പുഴ)