ambala
തകഴി പ്രാഥമികാരോഗ്യ കേന്ദ്രം

അമ്പലപ്പുഴ: അവഗണനയുടെ പടുകുഴിയിൽ പതിച്ച തകഴി പ്രാഥമികാരോഗ്യ കേന്ദ്രം രക്ഷപ്പെടണമെങ്കിൽ 'അടിയന്തര ശസ്ത്രക്രിയ' തന്നെ അനിവാര്യം. കൊവിഡ് പ്രാരംഭകാലത്ത് കൊവിഡ് സുരക്ഷാ ആശുപത്രിയായി പേരെടുത്ത ആരോഗ്യ കേന്ദ്രമാണ് തകർച്ചയിലേക്കു നീങ്ങുന്നത്.

പരിശോധനയിലും മരുന്നു നൽകുന്ന കാര്യത്തിലും സമ്പർക്കം പരമാവധി ഒഴിവാക്കിയാണ് കൊവിഡ് സുരക്ഷയിൽ ആശുപത്രി മാതൃകയായത്. ദിവസം 250 ഓളം രോഗികൾ ചികിത്സ തേടി എത്തിയിരുന്നു. രണ്ടു മെഡിക്കൽ ഓഫീസർമാരിൽ ഒരാൾ മാത്രമാണ് നിലവിലുള്ളത്. ഫാർമസിസ്റ്റ് ഇല്ല. ഏഴ് ജൂനിയർ ഹെൽത്ത് നഴ്സുമാരിൽ നാലുപേരെയും ഒരു ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെയും സ്ഥലം മാറ്റി. പ്രമേഹം, രക്തസമ്മർദ്ദം എന്നിവയ്ക്കും കുട്ടികൾക്കുമുള്ള മരുന്നുകൾ ഇപ്പോൾ സ്റ്റോക്കില്ല. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പോലും നടത്താൻ ആരോഗ്യ പ്രവർത്തകർ ഇല്ലാത്ത സ്ഥിതിയാണ് നിലവിലുള്ളത്.

 നാളെ നില്പ് സമരം

ആശുപത്രിയോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ നാളെ രാവിലെ 9 ന് ആശുപത്രിക്കു മുന്നിൽ നില്പ് സമരം നടത്തുമെന്ന് അറിയിച്ചു. ദേശീയ മനുഷ്യാവകാശ സമിതി ജില്ല സെക്രട്ടറി ചമ്പക്കുളം രാധാകൃഷ്ണൻ, ഗൾഫ് റിട്ടേൺസ് ആൻഡ് പ്രവാസി മലയാളി അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വി.ഉത്തമൻ, തകഴി വികസന സമിതി പ്രസിഡന്റ് കരുമാടി മോഹനൻ തുടങ്ങിയവർ സമരത്തിൽ പങ്കെടുക്കും.