അമ്പലപ്പുഴ: തിരുവനന്തപുരം സ്വദേശിയായ മെഡിക്കൽ റെപ്പിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പുന്നപ്ര വടക്ക് പഞ്ചായത്ത് 11-ാം വാർഡ് വാടയ്ക്കൽ ഉന്താന്റെ പറമ്പിൽ ശ്രീജിത്ത് (30), ക്വട്ടേഷൻ നൽകിയ ആലപ്പുഴ ആലിശ്ശേരി വാർഡിൽ ആലശ്ശേരി വീട്ടിൽ ഷൈൻ (35) എന്നിവരെയാണ് പുന്നപ്ര എസ്.ഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതി ഉണ്ണിക്കൃഷ്ണൻ ഒളിവിലാണ്.

കഴിഞ്ഞ 24ന് വൈകിട്ടായിരുന്നു സംഭവം. തിരുവനന്തപുരം മലയൻകീഴ് പൊറ്റയിൽ വീട്ടിൽ സുധീഷ് കുമാറും സുഹൃത്തും ബൈക്കിൽ വാടയ്ക്കൽ സഹകരണ ആശുപത്രിയിൽ എത്തി തിരികെ മടങ്ങവെ, മറ്റാരു ബൈക്കിലെത്തിയ ശ്രീജിത്തും സുഹൃത്ത് ഉണ്ണിക്കൃഷ്ണനും ചേർന്ന് ബൈക്ക് തടഞ്ഞു നിറുത്തുകയും ശ്രീജിത്ത് കത്തികൊണ്ട് മാരകമായി കുത്തുകയുമായിരുന്നു. ബഹളം കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടു. പൊലീസ് അന്വേഷണത്തിനിടെ ശ്രീജിത്തിനെ പറവൂർ പഴമാങ്ങാ പള്ളിക്ക് സമീപത്തുനിന്നു ഞായറാഴ്ച രാത്രി 7.30നും ഷൈനെ തിങ്കളാഴ്ച ഉച്ചയോടെ പറവൂർ ഭാഗത്ത് നിന്നും പിടികൂടുകയായിരുന്നു. മുൻ വൈരാഗ്യത്തെ തുടർന്ന് സുധീഷ് കുമാറിനെ ആക്രമിക്കാൻ ഷൈൻ ശ്രീജിത്തിന് ക്വട്ടേഷൻ നൽകുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഉണ്ണിക്കൃഷ്ണനു വേണ്ടി അന്വേഷണം ഊർജ്ജിതമാക്കി. വധശ്രമത്തിന് കേസെടുത്ത ശേഷം പ്രതികളെ അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.