മാവേലിക്കര: ജില്ലാ ആശുപത്രിയിൽ ഡോക്ടറെ സിവിൽ പൊലീസ് ഓഫീസർ മർദ്ദിച്ചെന്ന കേസിൽ തിരിച്ചറിയൽ പരേഡ് നടത്താനൊരുങ്ങി ക്രൈംബ്രാഞ്ച്. അവധിയിലുള്ള ഡോ. രാഹുൽ മാത്യു ജോലിയിൽ പ്രവേശിച്ച ശേഷമാവും പരേഡെന്ന് ഡിവൈ.എസ്.പി ബിജി ജോർജ് പറഞ്ഞു. ഫയലുകൾ മാവേലിക്കര പൊലീസിൽ നിന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. അന്വേഷണം കൈമാറി കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടിരുന്നു.
മാവേലിക്കര സി.ഐ ജി.പ്രൈജു ഇതുവരെയുള്ള അന്വേഷണ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഫയൽ കൈമാറി. ഡോ.രാഹുൽ മാത്യുവിന്റെ മൊഴിയും ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നു സ്റ്റേഷനിൽ ഹാജരായ സിവിൽ പൊലീസ് ഓഫീസർ ഉമ്പർനാട് അഭിലാഷ് ഭവനത്തിൽ അഭിലാഷ് ആർ.ചന്ദ്രനെ ചോദ്യം ചെയ്ത വിവരങ്ങളും ആണ് ഫയലിലുള്ളത്.
മാവേലിക്കര സ്റ്റേഷനിൽ വച്ച് അഭിലാഷിനെ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ചോദ്യം ചെയ്തു. പിന്നീട് അഭിലാഷിനെയും കൂട്ടി ജില്ലാ ആശുപത്രിയിലെത്തി സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരുടെ മൊഴി രേഖപ്പെടുത്തി. ഡോ.രാഹുൽ മാത്യുവിനെ മർദ്ദിച്ചത് അഭിലാഷാണെന്ന് നഴ്സുമാർ തിരിച്ചറിഞ്ഞിട്ടുണ്ട്.