ആലപ്പുഴ: കൊവിഡ് ഭീഷണിയെത്തുടർന്ന് ഉത്സവങ്ങളും എഴുന്നള്ളത്തും ഇല്ലാതായതോടെ നാട്ടാന പരിപാലനം കടുത്ത പ്രതിസന്ധിയിൽ. ആനകളുടെ ദൈനംദിന ചിലവുകൾ വഹിക്കാൻ നട്ടം തിരിയുകയാണ് ഉടമകൾ . ഉത്സവസീസണിൽ ആനകളെ എഴുന്നള്ളിക്കുമ്പോൾ ലഭിക്കുന്ന വരുമാനം കൊണ്ടാണ് ബാക്കിയുള്ള എട്ടുമാസക്കാലം ഉടമകൾ ആനകളുടെ പരിപാലനം നടത്തിയിരുന്നത്. പാപ്പാൻമാരുടെ ശമ്പളമുൾപ്പെടെ വലിയ ബാദ്ധ്യതകളാണ് ആനഉടമകൾ നേരിടേണ്ടി വരുന്നത് .

കൊവിഡ് നിയന്ത്രണം നിലനിൽക്കുന്നതിനാൽ തളച്ചിട്ടിരിക്കുന്ന പറമ്പിന് പുറത്തേക്ക് ആനകൾക്ക് യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ. ദിവസവും കുറഞ്ഞത് ആറുമുതൽ 10 കിമീ വരെ ആനകളെ നടക്കേണ്ടതുമുണ്ട്. ഇപ്പോൾ രാവിലെയോ വൈകിട്ടോ പാപ്പാന്മാരുടെ മേൽനോട്ടത്തിൽ പറമ്പിന് ചുറ്റുമുള്ള ചെറുനടത്തം മാത്രമേ സാദ്ധ്യമാകൂ.

3000 മുതൽ 5000 രൂപ വരെയാണ് ഒരാനയുടെ ദിവസച്ചെലവ്. പ്രത്യേക മരുന്നുകളും മറ്റുമുണ്ടെങ്കിൽ ഇതിലും കൂടും. കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് ആനകൾക്ക് സർക്കാർ ഭക്ഷ്യധാന്യങ്ങൾ നൽകിയത് വലിയ ആശ്വാസമായിരുന്നു . 40 ദിവസത്തേക്ക് 16000 രൂപയുടെ ഭക്ഷ്യക്കിറ്റാണ് നൽകിയത്. ഇത്തവണയും ഭക്ഷ്യധാന്യങ്ങൾ അനുവദിക്കണമെന്നതാണ് ആനഉടമകളുടെ ആവശ്യം.

കർക്കടക ചികിത്സ മുടങ്ങും

കാലവർഷാരംഭത്തിലും കർക്കടക മാസത്തിലും ആനകൾക്ക് സുഖചികിത്സ പതിവുണ്ടെങ്കിലും ഈ വർഷം സാമ്പത്തിക മാന്ദ്യം കാരണം അതിന് സാദ്ധ്യതയില്ലെന്ന് ആനയുടമകൾ പറയുന്നു. ചികിത്സാകാലത്ത് ഓരോ ആനയ്ക്കും 5 കിലോ അരിയുടെ ചോറാണ് ഒരു നേരം വേണ്ടത്. പയർ,മുതിര,ഗോതമ്പ് എന്നീ ധാന്യങ്ങളും നൽകേണ്ടി വരും. കർക്കടക ചികിത്സയ്ക്ക് ശരാശരി ഒരു ലക്ഷം രൂപയോളം ചെലവ് വരും. മരുന്ന് ലേഹ്യം,പച്ച അങ്ങാടി ചികിത്സാരീതിയാണ് ചെയ്യുന്നത്.

ജില്ലയിൽ നാട്ടാനകൾ........13 (ദേവസ്വം ബോർഡ് ഉൾപ്പെടെ)

ഉത്സവകാലത്തെ വരുമാനം

ഒരു ദിവസത്തെ എഴുന്നള്ളത്തിന് ..................₹10000

ഒരു വർഷം ലഭ്യമാകുന്ന ഉത്സവദിനങ്ങൾ ........50-60 ദിവസം

ഒരു വർഷത്തെ ആകെ വരുമാനം......................₹ 7-9 ലക്ഷം

'' തുടർച്ചയായി രണ്ട് ഉത്സവ സീസണുകൾ നഷ്ടപ്പെട്ടതോടെ ആനകളുടെ ദൈനംദിന ചെലവുകൾ താങ്ങാനാകാത്ത അവസ്ഥയിലാണ്

(ജി.കൃഷ്ണപ്രസാദ്, ആനയുടമ അസോ.സംസ്ഥാന പ്രസിഡന്റ്)