ambala
വേലിയേറ്റ സമയത്ത് തോട്ട പ്പള്ളി സ്പിൽ വെയുടെ അടഞ്ഞുകിടക്കുന്ന ഷട്ടറുകളുടെ മുകളിലൂടെ കനാലിലേക്ക് ഓരുവെള്ളം ഒഴുകുന്നു

അമ്പലപ്പുഴ : തോട്ടപ്പള്ളി സ്പിൽവേയിലെ അടഞ്ഞുകിടക്കുന്ന ഷട്ടറുകളുടെ മുകളിലൂടെ വേലിയേറ്റ സമയത്ത് ഓരുജലം കനാലിലേക്കെത്തുന്നത് കരിനിലപാടശേഖരങ്ങളിലെ കൃഷിക്ക് ഭീഷണിയാകുന്നു. കൃഷിനാശം സംഭവിച്ചാൽ വൻ കടക്കെണിയിലാകും എന്നതിനാൽ, തോട്ടപ്പള്ളി സ്പിൽവേയിലെ ഷട്ടർ തകർന്നു വീണതു മുതൽ നെഞ്ചിടിപ്പോടെയാണ് കർഷകർ കഴിയുന്നത്. കഴിഞ്ഞ ദിവസം തകർന്നു വീണ ഏഴാം നമ്പർ ഷട്ടർ താൽക്കാലികമായാണ് തട്ടിൽ കയറ്റിയത്. ഇതിലൂടെ ഒരു ജലം കയറാതിരിക്കാൻ മണൽച്ചാക്കു നിരത്തുന്ന ജോലി പുരോഗമിക്കുകയാണ്. എന്നാൽ ഇതു എത്രമാത്രം പ്രയോജനം ചെയ്യുമെന്നുള്ളത് കാലവർഷത്തിന്റെ ശക്തി പോലിരിക്കും. മണൽച്ചാക്ക് അടുക്കുന്ന ജോലികൾ നടക്കുന്നതിനാൽ പാലത്തിൽ ഗതാഗത നിയന്ത്രണവുമുണ്ട്. ഷട്ടറുകളുടെ നവീകരണവുമായി ബന്ധപ്പെട്ടു പുതിയ കരാറായെന്നാണ് അധികൃതരുടെ വിശദീകരണം. നിലവിൽ കോൺക്രീറ്റ് അടർന്നു വീഴുന്നത് പാലത്തിന്റെ ബലക്ഷയത്തിനും കാരണമാകുന്നു.