ggg
കാർത്തികപള്ളിയിൽ പുനർനിർമ്മച്ചു നൽകിയ വീടിനു സമീപം സേവാഭാരതി പ്രവർത്തകർ

ഹരിപ്പാട്: ജനസേവന രംഗത്ത് ദേശീയ സേവാഭാരതി കാർത്തികപ്പള്ളി യൂണിറ്റ് കൊവിഡ് മഹാമാരിയുടെ ഘട്ടത്തിലും ജനസേവനപ്രവർത്തനങ്ങളുമായി​ മുന്നേറുന്നു. കാർത്തികപ്പള്ളി പഞ്ചായത്തിലെ എല്ലാ വാർഡുകളിലും കൊവിഡ് ബാധിതരായ കുടുംബങ്ങൾക്കും ക്വാറന്റൈനിൽ കഴിഞ്ഞവർക്കും വീടുകളിൽ പലവ്യഞ്ജനം അടങ്ങിയ 341 ഓളം കിറ്റുകൾ എത്തിച്ചു നൽകി. കൊവിഡ് നെഗറ്റീവ് ആയ 282 ഓളം വീടുകളും പഞ്ചായത്തിന്റെ പരിധിയിൽ പെട്ട ആരാധനാലയങ്ങളും സർക്കാർ ഓഫീസുകളും വ്യവസായ സ്ഥാപനങ്ങളും പ്രത്യേകിച്ച് പൊതുസ്ഥലങ്ങളും അണുനശീകരണം നടത്തി. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം സേവാഭാരതി പ്രവർത്തകർ ഏറ്റുവാങ്ങി പ്രോട്ടോക്കോൾ പാലിച്ച് സംസ്കാരം നടത്തി. ഈ വീട്ടിലേക്ക് സഞ്ചയന ദിനം വരെ ഭക്ഷ്യധാന്യങ്ങൾ എത്തിച്ചു കൊടുത്തതും സേവാഭാരതി ആണ്. നാലാം വാർഡിലെ നിർദ്ധനയായ അമ്മയ്ക്ക് വാസയോഗ്യമായ വീട് പുനർനിർമ്മിച്ച് നൽകുവാൻ കഴിഞ്ഞതും സേവാഭാരതിയുടെ പ്രവർത്തനങ്ങളിൽപ്പെടുന്നു. നല്ലവരായ ജനങ്ങളുടെ സഹായ സഹകരണത്തോടെയാണ് സേവാഭാരതി കാർത്തികപ്പള്ളി യൂണിറ്റ് പ്രവർത്തനങ്ങൾ മുന്നേറുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.