ph

കായംകുളം : വീട്ടമ്മയെ കുളിമുറിയിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം പുതുപ്പള്ളി ഗോവിന്ദമുട്ടം വാരിക്കോലിൽ ചന്ദ്രന്റെ ഭാര്യ സതി (52) യുടെ മൃതദേഹമാണ് വീടിന് സമീപമുള്ള കുളിമുറിയിൽ കത്തിയ നിലയിൽ കണ്ടെത്തിയത്.. ചന്ദ്രന്റെ ആദ്യഭാര്യയും പത്ത് വർഷം മുൻപ് ഇതേ കുളിമുറിയിൽ തീകൊളുത്തി മരിച്ചിരുന്നു. സംഭവത്തിൽ ദുരൂഹത ഇല്ലന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്നലെ രാവിലെ അഞ്ചരമണിയോടെയായിരുന്നു സംഭവം ചന്ദ്രനും ഭാര്യയും ഒരുമുറിയിലെ രണ്ടു കട്ടിലുകളിലായാണ് ഉറങ്ങാൻ കിടന്നത്. രാവിലെ എഴുന്നേറ്റ് നോക്കിയപ്പോൾ സതിയെ കാണാത്തതിനെത്തുടർന്ന് ചന്ദ്രൻ കതക് തുറന്ന് പുറത്തിറങ്ങിയപ്പോൾ കുളിമുറിയിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടു. ചന്ദ്രൻ ബഹളം വച്ചതോടെ നാട്ടുകാർ ഓടിയെത്തി തീകെടുത്തിയെങ്കിലും രക്ഷിയ്ക്കാനായില്ല.

ചന്ദ്രന്റെ ആദ്യഭാര്യ ഗീതയുടെ മക്കളായ ശരത് ലാലും സുജിത്ത് ലാലും ഇവർക്ക് ഒപ്പമാണ് താമസം. ഗീത മരിച്ചതോടെയാണ് പത്ത് വർഷം മുൻപ് ചന്ദ്രൻ സതിയെ വിവാഹം ചെയ്തത്. വീടിനോട് ചേർന്നുള്ള ക്ഷേത്രത്തിൽ ശാന്തിപ്പണി ചെയ്തു വരികയാണ് എഴുപതുകാരനായ ചന്ദ്രൻ. കഠിനമായ വയറുവേദനയെ തുടർന്ന് രണ്ടാഴ്ച മുൻപ് സതി സഹോദരിയോടൊപ്പം കായംകുളത്ത് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. രോഗം കാരണം താൻ ആത്മഹത്യ ചെയ്യുമെന്ന് സഹോദരിയോട് ഇവർ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.

സതിയ്ക്ക് മക്കളില്ല. ഫോറൻസിക് വിദഗ്ദ്ധർ സ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചു. കൊവിഡ് ടെസ്റ്റിന് ശേഷം മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തും. സംഭവത്തിൽ ഗൗരവമായ അന്വേഷണം നടത്തുമെന്ന് കായംകുളം പൊലീസ് ഇൻസ്പെക്ടർ പ്രശാന്ത് പറഞ്ഞു.