വള്ളികുന്നം: കഞ്ചാവുൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെയും മദ്യത്തിന്റെയും കടത്തും വിൽപനയും തടയുന്നതിന് വള്ളികുന്നത്തും പരിസരപ്രദേശങ്ങളിലും പരിശോധനയ്ക്ക് ഡോഗ് സ്ക്വാഡുമായി പൊലീസ്. വള്ളികുന്നം സി.ഐ മിഥുന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ലഹരി മാഫിയയെ അമർച്ചചെയ്യാൻ ഡോഗ് സ്ക്വാഡിന്റെ സഹായം തേടിയത്. പടയണിവെട്ടം,കാഞ്ഞിറത്തിൻമൂട്, വള്ളികുന്നംചിറ, പുത്തൻചന്ത, മണയ്ക്കാട്, വട്ടയ്ക്കാട് , കിണറുമുക്ക് പ്രദേശങ്ങളിൽ സ്ഥിരം കുറ്റവാളികളായവരുടെ വീടുകളിലായിരുന്നു ആദ്യദിനം പരിശോധന നടത്തിയത്. വള്ളികുന്നത്തും പരിസരത്തും കഞ്ചാവ് കച്ചവടവും ചാരായം വാറ്റും അനധികൃത മദ്യവിൽപനയും വ്യാപകമാകുന്നതായി പരാതി ലഭിച്ചിരുന്നു.
മദ്യക്കച്ചവടവും ലഹരി കടത്തും സംബന്ധമായ വിവരങ്ങൾ ലഭിക്കുന്ന സ്ഥലങ്ങളിലും സംശയിക്കുന്നവരുടെ വീടുകളിലും വരും ദിവസങ്ങളിലും ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ പരിശോധന നടത്തുമെന്ന് സി.ഐ അറിയിച്ചു. മദ്യവും ലഹരി വസ്തുക്കളും ഒളിപ്പിച്ചിരിക്കുന്ന സ്ഥലങ്ങളെയും വ്യക്തികളെയും മണത്ത് പിടിക്കാനും ഡോഗ് സ്ക്വാഡിന്റെ സഹായം പ്രയോജനപ്പെടുമെന്ന് പൊലീസ് പറഞ്ഞു. മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും സംഭരണവും വിൽപനയും സംബന്ധമായ വിവരങ്ങൾ പൊതുജനങ്ങൾ അറിയിക്കണമെന്നും പൊലീസ് അഭ്യർത്ഥിച്ചു. ഫോൺ: 0479-2335240, 9497961187.