പ്രതീക്ഷയറ്റ് കടലോര കച്ചവടക്കാർ
ആലപ്പുഴ: കടൽക്കാറ്റേറ്റ് സായാഹ്നങ്ങൾ ആഘോഷമാക്കാൻ ബീച്ചുകളിലും മറ്റിടങ്ങളിലും എത്തിയിരുന്നവരെ ആശ്രയിച്ച് ജീവിതം തള്ളിനീക്കിയിരുന്ന നാലുചക്ര വണ്ടികളിലെ കച്ചവടക്കാർ വല്ലാത്ത പ്രതിസന്ധിയിൽ. തകര ഷീറ്റുകൊണ്ട് നിർമ്മിച്ച കടകളുടെ പ്രവർത്തനം 'ദ്രവിച്ചു' തുടങ്ങിയിട്ട് ഒന്നര വർഷത്തോളമായി. കൊവിഡ് നിയന്ത്രണം പൂർണ്ണമായും ഇല്ലാതായാലും ഉപ്പുകാറ്റേറ്റ് നാശത്തിലായ ഇവ പുനർനിർമ്മിക്കാതെ ഇനി മുന്നോട്ടു നീങ്ങാനാവില്ല.
കപ്പയും മീൻകറിയും മുതൽ ബലൂൺ, പാവകൾ, വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവ ഉൾപ്പെടെ സജ്ജമാക്കിയ കടകൾ വഴി കടലോരങ്ങളിൽ ജീവനോപാധി കണ്ടെത്തിയിരുന്ന കടലോര കച്ചവടക്കാരാണ് കടകൾ തുറക്കാൻ മാർഗമില്ലാതെ നട്ടം തിരിയുന്നത്. ആയിരങ്ങളെത്തിയിരുന്ന ആലപ്പുഴ ഉൾപ്പെടെയുള്ള ബീച്ചുകളിൽ നിലവിൽ പ്രവേശനം പൂർണമായി നിഷേധിച്ചിരിക്കുകയാണ്. മുഴുവൻ സമയവും പൊലീസ് നിരീക്ഷണമുണ്ട്. ഇടവിട്ട ദിവസങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ അനുമതിയുണ്ടെങ്കിലും ബീച്ചിലെ കച്ചവടക്കാർക്ക് ഇത് പ്രയോജനപ്പെടില്ല. ആരും വരാത്ത സ്ഥലത്ത് കടകൾ തുറന്നുവച്ചിട്ടെന്ത് കാര്യമെന്നാണ് വ്യാപാരികളുടെ ചോദ്യം.
കടകൾ പലതും കടൽക്കാറ്റേറ്റ് തുരുമ്പെടുത്തു തുടങ്ങി. ഇളവുവന്ന കാലത്ത് പല കച്ചവടക്കാരും വിലപിടിപ്പുള്ള സാധനങ്ങളെല്ലാം കടകളിൽ നിന്ന് മാറ്റിയിരുന്നു. വൈകാതെ നിയന്ത്രണങ്ങൾ അവസാനിക്കും എന്ന പ്രതീക്ഷയിൽ നാലുചക്ര കടകൾ കടലോരത്ത് തന്നെ പൂട്ടിയിട്ടിരിക്കുകയാണ്. കടൽ കാണാനും വ്യായാമത്തിനുമായി റോഡ് വക്കിലെത്തുന്ന വിരലിലെണ്ണാവുന്നവരെ ആശ്രയിച്ചുള്ള കപ്പലണ്ടി കച്ചവടം മാത്രമാണ് ആലപ്പുഴ ബീച്ചിൽ ഇപ്പോൾ നാമമാത്രമായെങ്കിലും നടക്കുന്നത്.
വഴിയടച്ച നിബന്ധനകൾ
ഇളവുകൾ അനുവദിച്ചിരിക്കുന്ന ദിവസങ്ങളിൽ കച്ചവട സ്ഥാപനങ്ങൾ തുറക്കാൻ തടസമില്ല. എന്നാൽ വഴിയോര കച്ചവടങ്ങൾക്ക് നിയന്ത്രണമുള്ള സാഹചര്യത്തിൽ പുതിയ സ്ഥലത്തേക്ക് കടലോര കടകൾ പറിച്ചുനടുന്നത് പ്രായോഗികമല്ല. കുട്ടികൾ പുറത്തിറങ്ങാത്തതിനാൽ കളിപ്പാട്ട കച്ചവടക്കാർ വലിയ നഷ്ടമാണ് നേരിടുന്നത്. വീടുവീടാന്തരം പോയി കച്ചവടം നടത്താൻ പോലും സാഹചര്യം അനുവദിക്കുന്നില്ലെന്ന് വർഷങ്ങളായി ആലപ്പുഴ കടൽത്തീരത്ത് കളിപ്പാട്ട കച്ചവടം നടത്തുന്ന യുവാവ് പറയുന്നു.
...........................
₹ 15,00- 2,000: ആലപ്പുഴ ബീച്ചിലെ കടകളുടെ വാർഷിക ലൈസൻസ് ഫീസ്
................................
പൈതൃകത്തിൽ പ്രതീക്ഷ
കടൽപ്പാലത്തിന്റെ നവീകരണം ഉൾപ്പടെ പൈതൃക പദ്ധതി യാഥാർത്ഥ്യമാകുന്നത് ആലപ്പുഴ ബീച്ചിലെ വ്യാപാരികൾക്ക് ഗുണകരമാകും. ഞായറാഴ്ചകൾ അടക്കമുള്ള അവധി ദിനങ്ങളിൽ അന്യ ജില്ലക്കാർ ഉൾപ്പടെ ആയിരക്കണക്കിന് ആളുകളാണ് ബീച്ചിൽ എത്തിയിരുന്നത്. ലോക്ക് ഡൗൺ ഇളവ് വന്ന പശ്ചാത്തലത്തിൽ ആളുകൾ വന്നുതുടങ്ങിയതോടെയാണ് ഡ്യൂട്ടിക്ക് കൂടുതൽ പൊലീസിനെ നിയോഗിച്ച് നിയന്ത്രണം കർശനമാക്കിയത്.
.........................
റേഷൻ വാങ്ങിയാണ് പട്ടിണി മാറ്റുന്നത്. ആരോഗ്യമുള്ളവർ കൂലിപ്പണിയിലേക്ക് തിരിഞ്ഞു. എന്നാൽ കച്ചവടക്കാരിൽ ഭൂരിഭാഗവും വയോധികരായിരുന്നു. ഈ പ്രായത്തിൽ മറ്റൊരു തൊഴിൽ കണ്ടെത്തുക അസാദ്ധ്യമാണ്. കടകൾ തുറക്കാൻ സാധിച്ചാലും ഭാരിച്ച ചെലവുണ്ട്. പല കടകളുടെയും ഇരുമ്പ് ഷീറ്റുകൾ ദ്രവിച്ച് ഉപയോഗശൂന്യമാണ്
ഇക്ബാൽ, കച്ചവടക്കാരൻ