a
തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പഞ്ചായത്ത് പ്രസിഡന്റ് സുധാകരക്കുറുപ്പ്

സംഭവം ബി.ജെ.പി ഉപരോധ സമരത്തിനിടെ

മാവേലിക്കര: ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റും സി.പി.എം മാവേലിക്കര ഏരിയ സെന്റർ അംഗവുമായ സി.സുധാകരക്കുറുപ്പിന് നേരേ ബി.ജെ.പി അംഗങ്ങൾ കയ്യേറ്റ ശ്രമം നടത്തിയതായി പരാതി. കുഴഞ്ഞുവീണ പ്രിസി​ഡന്റി​നെ തട്ടാരമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ
ഉച്ചക്ക് 2.45 ന് ചെട്ടികുളങ്ങര പഞ്ചായത്ത് ഓഫീസിൽ പ്രസിഡന്റിന്റെ ഓഫീസിന് മുന്നി. പഞ്ചായത്തിനെതിരെ ബി.ജെ.പി നടത്തിയ ഉപരോധ സമരത്തിനിടെയാണ് സംഭവം.. രാവിലെ 10.30 ന് ആരംഭിച്ച ഉപരോധ സമരത്തെ തുടർന്ന് പ്രസിഡന്റിന് ഓഫീസിനുള്ളിൽ പ്രവേശിക്കാനായില്ല.

സമരക്കാർ പ്രതിഷേധം കടുപ്പിച്ചതോടെ പ്രസിഡന്റ് കുഴഞ്ഞ് വീഴുകയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

സമരം ജനാധിപത്യവിരുദ്ധം

മനുഷ്യത്വരഹിതവും ജനാധിപത്യവിരുദ്ധവുമായ സമരമാണ് ബി.ജെ.പി നടത്തിയതെന്ന് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ എസ്.ശ്രീജിത്ത് പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയത്തിനെതിരെ ജനങ്ങൾ പ്രതികരിച്ചുതുടങ്ങിയതിന്റെ അസഹിഷ്ണുതയാണ് ബി.ജെ.പി കാട്ടുന്നതെന്നതെന്നും മികച്ച നിലയിൽ മുന്നോട്ടു പോകുന്ന എൽ.ഡി.എഫ് പഞ്ചായത്ത് ഭരണസമിതിക്കെതിരെ ബി.ജെ.പി നടത്തുന്ന പ്രഹസനസമരങ്ങൾ ജനങ്ങൾ തള്ളി​ക്കളയുമെന്നും ശ്രീജിത്ത് പറഞ്ഞു.

പഞ്ചായത്ത് അംഗങ്ങളെ ആക്രമിച്ചെന്ന് ബി​.ജെ.പി​

മാവേലിക്കര: വാക്സിൻ വിതരണത്തിലെ ക്രമക്കേടുകൾക്കും പഞ്ചായത്തിലെ അഴിമതിക്കുമെതിരെ സമാധാന പരമായി സമരം ചെയ്ത ബി.ജെ.പി പഞ്ചായത്തംഗങ്ങളെ സി.പി.എം പ്രവർത്തകർ കൈയ്യേറ്റം ചെയ്യുവാൻ ശ്രമിച്ചതായി ബി.ജെ.പി ആരോപിച്ചു. പൊലീസുകാർ നോക്കിനിൽക്കുമ്പോഴാണ് സ്ത്രീകൾ ഉൾപ്പടെയുള്ള അംഗങ്ങളെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തത്. ഇതിനിടെ മറ്റൊരു യോഗത്തിൽ പങ്കെടുത്തുകൊണ്ടിരുന്ന പഞ്ചായത്ത് പ്രസിഡന്റിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത് സമരക്കാരുടെ ചുമലിൽ അടിച്ചേൽപ്പിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും ബി.ജെ.പി ആരോപിച്ചു.