കുട്ടനാട്: ജില്ലയിലെ സൈനിക, അർദ്ധസൈനിക കൂട്ടായ്മയായ 'സോൾജിയേഴ്സ് ഒഫ് ഈസ്റ്റ് വെനീസ്' മെഗാബുക്സ് ചലഞ്ചിലൂടെ സമാഹരിച്ച പതിനായിരത്തോളം ബുക്കുകളും മറ്റു പഠനസാമഗ്രികളും കുട്ടനാട്ടിലെ 51 സ്‌കൂളുകളിലെ കുട്ടികൾക്ക് കൈമാറി.

കരുമാടി ഗവ.ഹൈസ്‌കൂളിൽ നടന്ന സമ്മേളനം തോമസ് കെ.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിതരണത്തിന്റെ ഫ്ളാഗ് ഒഫ് എച്ച്. സലാം എം.എൽ.എ നിർവഹിച്ചു. സിനിമാതാരം വിനുമോഹൻ നോട്ട് ബുക്ക് കവർപേജ് പ്രകാശനം ചെയ്തു. സോൾജിയേഴ്സ് ഒഫ് ഈസ്റ്റ് വെനീസ് പ്രസിഡന്റ് ബാബുലാൽ അദ്ധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ ഡിവൈ എസ്.പി സുരേഷ്‌കുമാർ, മാവേലിക്കര ജോയിന്റ് ആർ.ടി.ഒ എം.ജി. മനോജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി എന്നിവർ സംസാരിച്ചു. ഒളിമ്പ്യൻ അനിൽകുമാർ, കളരിപ്പയറ്റിൽ അറേബ്യൻ ബുക്ക് ഒഫ്‌ വേൾഡ് റെക്കാഡിൽ ഇടംനേടിയ 10 വയസുകാരനായ നീലകണ്ഠൻ എന്നിവരെ മൊമന്റോ നൽകി ആദരിച്ചു. രാജ്യസേവനത്തിന്‌ ശേഷം മടങ്ങിയെത്തിയ സൈനികരായ സുബൈദാർ മേജർ അനിൽകുമാർ, സുബേദാർ ശാന്തിലാൽ, ഹവിൽദാർ ഹരികൃഷ്ണ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. രക്ഷാധികാരി റിട്ട. കേണൽ സി.ജെ. ആന്റണി സ്വാഗതവും ഓഡിറ്റർ ബിജു പുത്തൻപുരയിൽ നന്ദിയും പറഞ്ഞു.