ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിയെ തുടർന്ന് രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) കുറഞ്ഞെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആക്രമിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കുറഞ്ഞ ജി.ഡി.പിയും പരമാവധി തൊഴിലില്ലായ്മയുമാണ് രാജ്യത്തെന്നും പ്രധാനമന്ത്രി നാണക്കേടിന്റെ മൂർത്തിഭാവമാണെന്നും രാഹുൽ ട്വീറ്റു ചെയ്‌തു. രാജ്യത്തെ തൊഴിലില്ലായ്മയുടെ ഗ്രാഫിനൊപ്പമായിരുന്നു രാഹുലിന്റെ കമന്റ്. ബ്ളാക്ക് ഫംഗസ് ചികിത്സയ്ക്കുള്ള ആംഫോടെറിസിൻ ബി മരുന്ന് ക്ഷാമത്തിന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്തണമെന്ന് മറ്റൊരു ട്വീറ്റിൽ രാഹുൽ ആവശ്യപ്പെട്ടു. മരുന്ന് ക്ഷാമം പരിഹരിക്കാൻ സർക്കാർ എന്തു നടപടിയാണ് കൈക്കൊണ്ടത്. മരുന്ന് എങ്ങനെ ലഭ്യമാക്കും. ചികിത്സ നൽകുന്നതിന് പകരം മോദി സർക്കാർ ജനങ്ങളെ ചട്ടം പഠിപ്പിക്കുകയാണെന്നും രാഹുൽ പറഞ്ഞു.
ആഭ്യന്തര ഉത്പാദനം കുറഞ്ഞതിന് കൊവിഡ് പ്രതിസന്ധിക്കൊപ്പം കേന്ദ്രസർക്കാരിന്റെ കെടുകാര്യസ്ഥതയും കാരണമായെന്ന് നേരത്തെ എ.ഐ.സി.സി കുറ്റപ്പെടുത്തിയിരുന്നു. സാമ്പത്തിക വിദഗ്ദ്ധരുടെ മുന്നറിയിപ്പുകൾ മോദി സർക്കാർ അവഗണിച്ചെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം പറഞ്ഞു. നാലു ദശകത്തിലെ ഏറ്റവും മോശം സാമ്പത്തിക വർഷമാണിത്. ആത്മനിർഭർഭാരത് പാക്കേജുകൾക്ക് കാമ്പില്ലായിരുന്നു. ഇന്ത്യക്കാർ രണ്ടുവർഷം മുമ്പുള്ളതിനെക്കാൾ ദരിദ്രരായി. സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുന്നുവെന്ന മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവിന്റെ പ്രസ്താവന കളവായിരുന്നുവെന്നും ചിദംബരം ചൂണ്ടിക്കാട്ടി.