justice-chandrachhodu

ന്യൂഡൽഹി : എല്ലാവർക്കും വാക്‌സിൻ കിട്ടാൻ ദൈവത്തോട് പ്രാർത്ഥിക്കാമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്. ജാമ്യാപേക്ഷയിൽ വാദംകേൾക്കവേയായിരുന്നു കോടതിയുടെ പ്രതികരണം. വാക്‌സിനേഷൻ പൂർത്തിയായാൽ മാത്രമേ ഞങ്ങൾക്ക് ഫിസിക്കൽ ഹിയറിംഗ് (കോടതി മുറിയിൽ വാദംകേൾക്കൽ) ആരംഭിക്കാൻ സാധിക്കൂവെന്നും കോടതി പറഞ്ഞു.

അടുത്ത തവണ ജാമ്യ ഹർജി പരിഗണിക്കുമ്പോൾ ഫിസിക്കൽ ഹിയറിംഗ് ഉണ്ടാകട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കാം എന്ന് ഹർജിക്കാരന്‌ വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. ഇതിന് മറുപടിയായാണ്

എല്ലാവർക്കും വേഗം വാക്‌സിൻ ലഭിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കൂവെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് പ്രതികരിച്ചത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ മാർച്ച് മുതൽ കോടതികളിൽ വെർച്വൽ ഹിയറിംഗാണ് നടന്നുകൊണ്ടിരിക്കുന്നത്.

വാദത്തിനിടെ തന്റെ കൊവിഡ് അനുഭവങ്ങളും ജസ്റ്റിസ് പങ്കുവച്ചു.

'18 ദിവസം ഞാൻ ഐസോലേഷനിലായിരുന്നു. എനിക്കും ഭാര്യയ്ക്കും വ്യത്യസ്ത സമയത്താണ് കൊവിഡ് സ്ഥിരീകരിച്ചത്. പുസ്തകം വായിച്ച് താൻ തനിച്ചിരിക്കുകയായിരുന്നു.'- ചന്ദ്രചൂഢ് പറഞ്ഞു.

അതേസമയം മാസ്ക് ധരിക്കുന്ന കാര്യത്തിൽ ആരും അലംഭാവം കാണിക്കരുതെന്ന് ജസ്റ്റിസ് എം.ആർ. ഷാ പ്രതികരിച്ചു. കഴിഞ്ഞ ദിവസം വാക്സിൻ നയത്തിൽ കേന്ദ്രത്തെ മുൾമുനയിൽ നിർത്തിയ സുപ്രീംകോടതി ബെഞ്ചിൽ അംഗമായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഢ്.