ന്യൂഡൽഹി: അമേരിക്കൻ കമ്പനികൾ നിർമ്മിക്കുന്ന ഫൈസർ, മൊഡേണ വാക്സിനുകൾക്ക് അടിയന്തര ഉപയോഗത്തിന് അനുമതി നൽകുന്നതിന് മുമ്പ് രാജ്യത്ത് പരീക്ഷണം നടത്തണമെന്ന നിബന്ധനയിൽ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ഇളവ് നൽകി. വാക്സിൻ ക്ഷാമം രൂക്ഷമായതിനാൽ
വിദേശത്ത് നിന്ന് കൂടുതൽ കമ്പനികളെ ആകർഷിക്കുന്നതിന്റെ ഭാഗമായാണിത്. നിയമ നടപടികളിൽ നിന്ന് സംരക്ഷണം നൽകണമെന്ന വാക്സിൻ കമ്പനികളുടെ ആവശ്യവും പരിഗണിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ലോകാരോഗ്യ സംഘടന അംഗീകരിച്ച യു.എസ്.എഫ്.ഡി.എ, ഇ.എം.എ, യു.കെ എം.എച്ച്.ആർ.എ, പി.എം.ഡി.എ ജപ്പാൻ തുടങ്ങിയ ഏജൻസികളുടെ അംഗീകാരമുള്ളതും ഏറെ പ്രചാരം നേടിയതുമായ വാക്സിനുകൾക്ക് ഇന്ത്യയിൽ ട്രയൽ വേണ്ടെന്ന് തീരുമാനിച്ചതായി ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യാ മേധാവി വി.ജി. സൊമാനി അറിയിച്ചു.
ഈ വാക്സിനുകൾ ഇതിനകം ലക്ഷക്കണക്കിന് ആളുകളിൽ കുത്തിവച്ചതിനാൽ കൂടുതൽ ട്രയലിന്റെ ആവശ്യമില്ല.
വാക്സിനുകൾ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കാനുള്ള ക്ളിനിക്കൽ ട്രയലും അതിന് ശേഷം ഹിമാചൽപ്രദേശിലെ കസോളിലുള്ള കേന്ദ്ര ഡ്രഗ്സ് ലാബോറട്ടറിയിൽ ഓരോ ബാച്ചിനും പ്രത്യേക ട്രയലും നടത്തണമെന്ന നിബന്ധനയും ഒഴിവാക്കി.
വാക്സിനുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട പരാതികളിൽ നടപടികൾ ഉണ്ടാവാതിരിക്കാൻ നിയമ പരിരക്ഷ നൽകണമെന്നും ഫൈസർ, മൊഡേണ കമ്പനികൾ കേന്ദ്രസർക്കാരുമായുള്ള ചർച്ചയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. യു.എസിലും മറ്റും ലഭിക്കുന്ന നിയമ പരിരക്ഷ ഇന്ത്യയിലും ഉറപ്പു നൽകണമെന്നതാണ് ആവശ്യം. നിയമ പരിരക്ഷ നൽകാൻ തയ്യാറാണെന്നും ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നും വാക്സിൻ വിതരണത്തിനായുള്ള ദേശീയ വിദഗ്ദ്ധ സമിതിതലവനും നീതി ആയോഗ് അംഗവുമായ ഡോ.വി.കെ. പോൾ പറഞ്ഞു. ജനങ്ങളുടെ താത്പര്യം മുൻനിറുത്തി വാക്സിൻ കമ്പനികളുടെ ആവശ്യം അംഗീകരിക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയാലും ലോകമെമ്പാടും ആവശ്യം വർദ്ധിച്ചതിനാൽ ഫൈസറും മൊഡേണയും ഉടൻ ലഭ്യമാകാനിടയില്ല.
ഉപാധികൾ അംഗീകരിച്ചാൽ ജൂലായ്ക്കും ഒക്‌ടോബറിനും ഇടയിൽ അഞ്ചുകോടി വാക്സിൻ ഡോസുകൾ നൽകാമെന്ന് ഫൈസർ കേന്ദ്രസർക്കാരിന് ഉറപ്പ് നൽകിയെന്നാണ് വിവരം. പുതിയ കൊവിഡ് വകഭേദത്തെയും പ്രതിരോധിക്കുമെന്ന് അവകാശപ്പെടുന്ന ഫൈസറും മൊഡേണയും 12 വയസിന് മുകളിലുള്ള കുട്ടികളിൽ അടക്കം പരീക്ഷിച്ച് വിജയിച്ച വാക്സിനുകളാണ്. 90ശതമാനത്തിന് മുകളിൽ ഫലപ്രാപ്തി അവകാശപ്പെടുന്നു.