ന്യൂഡൽഹി: രഹസ്യാന്വേഷണ ഏജൻസികളിലും പ്രതിരോധ സ്ഥാപനങ്ങളിലും നിന്ന് വിരമിച്ചവർ ജോലിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്രസർക്കാർ ഉത്തരവിറക്കി. പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ മേലധികാരിയുടെ മുൻകൂർ അനുമതി വാങ്ങിയിരിക്കണം. സ്ഥാപനവുമായി ബന്ധപ്പെട്ടതോ, അവിടെ നിന്ന് ലഭിച്ച വിവരങ്ങളോ, വ്യക്തിപരമായ നേട്ടങ്ങളോ സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിനാണ് നിയന്ത്രണം. ഇത്തരം വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് രാജ്യത്തിന്റെ പരമാധികാരത്തെയും സുരക്ഷാപരവും ശാസ്ത്രീയവും സാമ്പത്തികവും തന്ത്രപരവുമായ താത്പര്യങ്ങളെയും ബാധിച്ചേക്കാമെന്നും ഉത്തരവിൽ പറയുന്നു. പുസ്തകത്തിലെ വിഷയങ്ങൾ ഇവയെ ബാധിക്കുന്ന തരത്തിലുള്ളതല്ലെന്ന് മേലധികാരി സാക്ഷ്യപ്പെടുത്തിയാൽ മാത്രമേ പ്രസിദ്ധീകരിക്കാവൂ.