
ന്യൂഡൽഹി: കൊവിഡ് രോഗികൾക്കായുള്ള ഫാബി ഫ്ളൂ മരുന്ന് അനധികൃതമായി സംഭരിച്ച് പൂഴ്ത്തിവച്ച കേസിൽ ഗൗതം ഗംഭീർ ഫൗണ്ടേഷൻ കുറ്റക്കാരാണെന്ന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യ ഡൽഹി ഹൈക്കോടതിയിൽ അറിയിച്ചു. നേരത്തെ ഗൗതം ഗംഭീർ ഫൗണ്ടേഷന് ക്ലീൻ ചിറ്റ് നൽകിയതിനെ കോടതി ശാസിച്ചതിനെ തുടർന്നാണ് ഡി.സി.ജി.ഐ പുതിയ റിപ്പോർട്ട് സമർപ്പിച്ചത്.
സംഘടനയ്ക്കെതിരെയും മരുന്ന് വിറ്റവർക്കെതിരെയും ഉടൻ നടപടിയെടുക്കുമെന്നും ഡ്രഗ്‌സ് കൺട്രോളർ വ്യക്തമാക്കി. സമാനമായ കുറ്റങ്ങളിൽ ആം ആദ്മി എം.എൽ.എ പ്രവീൺകുമാറും പ്രതിയാണെന്നും ഡി.സി.ജി.ഐ കോടതിയെ അറിയിച്ചു. പ്രവീൺ കുമാർ ഓക്‌സിജൻ വിതരണം ചെയ്തത് സംബന്ധിച്ചാണ് കേസ്. 29ന് കേസ് വീണ്ടും പരിഗണിക്കും.
മരുന്ന് സംഭരണവുമായി ബന്ധപ്പെട്ട കേസിൽ ഗംഭീറിനും കുമാറിനും ക്ലീൻ ചിറ്റുകൾ നൽകിയ ഡി.സി.ജി.ഐയുടെ മുൻ റിപ്പോർട്ടുകൾ കോടതി തള്ളിയിരുന്നു. സംഭവത്തിൽ ശരിയായ രീതിയിൽ അന്വേഷണം നടത്താത്ത ഡ്രഗ് കൺട്രോളറെ സസ്‌പെൻഡ് ചെയ്ത് പണി മറ്റാരെയെങ്കിലും ഏല്പിക്കുമെന്ന് ജസ്റ്റിസ് വിപിൻ സാംഘി അദ്ധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ഗംഭീർ മരുന്ന് സംഭരിച്ചതിനേക്കുറിച്ച് ഡ്രഗ് കൺട്രോളർ നൽകിയ റിപ്പോർട്ട് ചവറ്റുകുട്ടയിലിടണമെന്ന് പറഞ്ഞ കോടതി എങ്ങനെയാണ് ഗംഭീറിന് ഇത്രയധികം ഫാബിഫ്‌ളൂ മരുന്ന് സംഭരിക്കാൻ സാധിച്ചതെന്ന് പരിശോധിച്ചില്ലെന്നും വ്യക്തമാക്കിയിരുന്നു.