muralidharan

ന്യൂഡൽഹി: കേരള നിയമസഭയെ മോദി വിരുദ്ധ രാഷ്‌ട്രീയ പ്രചാരണ വേദിയാക്കി മാ​റ്റരുതെന്ന് കേന്ദ്ര മന്ത്രി​ വി​.മുരളീധരൻ . ജനങ്ങളുടെ നികുതിപ്പണമുപയോഗിച്ച് നിയമസഭ സമ്മേളിക്കേണ്ടത് ജനോപകാരപ്രദമായ നിയമനിർമ്മാണങ്ങൾക്കും ചർച്ചകൾക്കും വേണ്ടി​യാകണം​. കൊവി​ഡ് പ്രതി​രോധത്തി​ലെ വീഴ്ച മൂടി​വയ്ക്കാൻ മോദി​ വി​രുദ്ധത ആയുധമാക്കുകയാണ് സംസ്ഥാന സർക്കാരെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യ ആശുപത്രി​കളിലെ ചികിത്സാച്ചെലവ്, പരിശോധനാ നിരക്ക്, ചികിത്സാ ഉപകരണങ്ങളുടെ നിരക്ക് തുടങ്ങിയവയി​ൽ വ്യക്തതയില്ലാത്തത് സംസ്ഥാനത്ത് മരണനി​രക്ക് കൂട്ടുമ്പോഴാണ് ,നിയമസഭയെ മോദി വിരുദ്ധ വേദിയാക്കുന്നത്. ലക്ഷദ്വീപിൽ തെങ്ങിന് കാവിയടിച്ചു തുടങ്ങിയ പച്ചക്കള്ളങ്ങൾ നിയമസഭയുടെ രേഖയിൽ വരുന്നത് ചോദ്യം ചെയ്യാൻ ആരുമില്ലാത്ത സ്ഥിതിയാണ്.സൗജന്യമായി​ വാക്‌സീൻ നൽകുമെന്ന് വാഗ്ദാനം ചെയ്‌ത പിണറായി വിജയൻ, എന്തിനാണ് കേന്ദ്രത്തിന്റെ സൗജന്യം ആവശ്യപ്പെട്ട് പ്രമേയം കൊണ്ടു വരുന്നത്. കേരള സർക്കാരിന്റെ നിലപാടില്ലായ്മ സംസ്ഥാനത്ത് വാക്‌സീൻ വിതരണത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. സർക്കാർ സൗജന്യമായി നൽകുമെന്ന പ്രതീക്ഷയി​ൽ സ്വകാര്യ മേഖല വാക്സി​ൻ വാങ്ങാൻ മടി​ക്കുന്നു.കൊവി​ഡ് കാലത്തെ എല്ലാ പ്രധാന തീരുമാനങ്ങളും പ്രധാനമന്ത്രി​ കൈക്കൊണ്ടത് മുഖ്യമന്ത്രി​മാരുമായി​ ആലോചി​ച്ചാണ്.

സർക്കാരി​ന്റെ വീഴ്ചകൾ ചൂണ്ടി​ക്കാട്ടാനും വി​മർശി​ക്കാനും ധൈര്യമി​ല്ലാത്ത പ്രതി​പക്ഷമാണ് കേരളത്തി​ലുള്ളത്. കേന്ദ്ര വിരുദ്ധ പ്രമേയമാണെങ്കിൽ വായിച്ചു തീരും മുമ്പേ കൈയ്യടി​ക്കും. കേരളത്തിൽ ഇപ്പോൾ യഥാർത്ഥ പ്രതി​പക്ഷം ബി​.ജെ.പി​യാണെന്നും വി.മുരളീധരൻ പറഞ്ഞു.