
ന്യൂഡൽഹി: പുതിയ സ്വകാര്യനയം നടപ്പിലാക്കാനുള്ള വാട്‌സാപ്പ് നീക്കത്തിനെതിരെ കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. നയം ചോദ്യം ചെയ്തുള്ള വിവിധ ഹർജികളിലാണ് കേന്ദ്രം വീണ്ടും സത്യവാങ്മൂലം നൽകിയത്.
ഉപയോക്താക്കളെ സമ്മർദ്ധത്തിലാക്കി കൗശലപൂർവം പുതിയ നയം നടപ്പാക്കാൻ അനുമതി വാങ്ങുകയാണ് കമ്പനിയെന്ന് കേന്ദ്ര സർക്കാർ ആരോപിച്ചു. നയം അംഗീകരിക്കാത്തവർക്ക് നിരന്തരം സന്ദേശം അയച്ച് സമ്മർദ്ധം ചെലുത്തുകയാണ്. വിവരങ്ങൾ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്നു. രാജ്യത്ത് പുതിയ വ്യക്തി വിവര സംരക്ഷണ നിയമം നടപ്പാക്കുന്നതിന് മുമ്പ് ഇത് സാദ്ധ്യമാക്കുകയാണ് അവരുടെ തന്ത്രം. ഉപയോക്താക്കൾക്ക് ഇതുവരെ അയച്ച സന്ദേശത്തിന്റെ (നോട്ടിഫിക്കേഷൻ) വിശദാംശങ്ങളും ഇതുവരെ എത്ര പേർ പുതിയ നയം അംഗീകരിച്ചുവെന്ന വിവരവും സമർപ്പിക്കാൻ വാട്‌സാപ്പിന് നിർദ്ദേശം നൽകണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാ നയങ്ങൾ രാജ്യത്തെ ഐ.ടി. നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് കേന്ദ്രസർക്കാർ നേരത്തെ കോടതിയിൽ അറിയിച്ചിരുന്നു.
 സേവനം മുടങ്ങില്ല
പുതിയ നയം അംഗീകരിക്കാത്തവർക്കും വാട്‌സാപ്പ് സേവനം സാധാരണ നിലയിൽ ലഭിക്കുമെന്നും ഇതിൽ നിയന്ത്രണം വരുത്തിയിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. മേയ് 15 മുതൽ വാട്‌സാപ്പിന്റെ പുതിയ നയം നിലവിൽ വന്നിരുന്നു. ഇത് അംഗീകരിക്കാത്തവരുടെ സേവനങ്ങൾ തടസപ്പെടുമെന്നാണ് കമ്പനി ആദ്യം അറിയിച്ചിരുന്നതെങ്കിലും പ്രതിഷേധം ഉയർന്നതോടെ പിന്മാറുകയായിരുന്നു. ഉപയോക്താക്കളുടെ സ്വകാര്യത ഉയർന്ന പരിഗണനയിലുള്ള വിഷയമാണെന്നും ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും കമ്പനി വിശദീകരിച്ചു. അതേസമയം, പുതിയ നയം സംബന്ധിച്ച സന്ദേശം ഉപയോക്താക്കൾക്ക് അയയ്ക്കുന്നത് തുടരുമെന്നും ഇവർ പറയുന്നു.