ന്യൂഡൽഹി: ഗംഗാ നദിയിൽ മൃതദേഹങ്ങൾ ഒഴുകി നടന്നതും കൊവിഡ് കേസുകൾ വർദ്ധിച്ചതും ബി.ജെ.പി സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചെങ്കിലും ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ തന്നെയാകും അടുത്ത തിരഞ്ഞെടുപ്പും നേരിടുകയെന്ന് സൂചന. അതേസമയം പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പാർട്ടി സംസ്ഥാന ഘടകത്തിലും മന്ത്രിസഭയിലും ഉടൻ അഴിച്ചുപണി വന്നേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തനായ ഉദ്യോഗസ്ഥൻ എ.കെ. ശർമ്മയ്ക്ക് ഉത്തർപ്രദേശിൽ പുതിയ ദൗത്യം നൽകുമെന്നും ബി.ജെ.പി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
കൊവിഡ് രണ്ടാം വ്യാപനം കൈകാര്യം ചെയ്തതിലെ പിടിപ്പുകേടും പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ തിരിച്ചടിയും വിലയിരുത്താൻ ബി.ജെ.പി ദേശീയ നേതൃത്വം ആർ.എൽ. സന്തോഷിനെയും രാധാമോഹൻ സിംഗിനെയും യു.പിയിലേക്ക് അയച്ചിരുന്നു. ഇവർ മന്ത്രിമാർ, എം.എൽ.എമാർ, സംസ്ഥാന നേതാക്കൾ തുടങ്ങിയവരുമായി സംസാരിച്ച് നൽകിയ റിപ്പോർട്ട് യോഗിക്ക് അനുകൂലമാണ്. സ്വതന്ത്ര ദേവ് സിംഗ് സംസ്ഥാന അദ്ധ്യക്ഷനായും തുടരും. എന്നാൽ ആർ.എസ്.എസ് അടക്കം മുന്നോട്ടു വച്ച നിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് ശർമ്മയെ യു.പിയിൽ നിയോഗിക്കുന്നത്. ബി.ജെ.പി നേതാക്കൾക്ക് പുറമെ ആർ.എസ്.എസ് നേതാവ് ദത്താത്രേയ ഹൊസബലെയും ലക്‌നൗവിൽ ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു.
അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് സ്വീകരിക്കേണ്ട തന്ത്രങ്ങൾ ചർച്ച ചെയ്യാൻ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയും ഉടൻ യു.പിയിലെത്തും.