
ന്യൂഡൽഹി :രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് കാണിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ മയപ്പെടുത്തുന്നു. ഡൽഹിയിൽ ഇന്ന് മുതൽ നിയന്ത്രണ ഇളവുകൾ നിലവിൽ വരും .മൂന്ന് മാസത്തിന് ശേഷം മഹാരാഷ്ട്രയിൽ ഇന്നലെ പ്രതിദിനരോഗികൾ ആദ്യമായി 12,557 ലെത്തിയതോടെസർക്കാർ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്.
അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴു മുതൽ ഉച്ചക്ക് രണ്ട് വരെ തുറക്കാൻ അനുമതി നൽകി. അവശ്യവസ്തുക്കളല്ലാത്തവ വിൽക്കുന്ന റോഡിന്റെ ഒരു വശത്തുള്ള കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും, മറു വശത്തുള്ളവ ചൊവ്വ, വ്യാഴം ദിവസങ്ങളിലും തുറക്കാനും അനുമതി നൽകിയിരുന്നു. എങ്കിലും, ലോക്ക് ഡൗണിന് സമാന നിയന്ത്രണങ്ങൾ ജൂൺ 15 വരെ തുടരാനാണ് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ തീരുമാനം.
യു.പിയിലെ ലക്നൗ, ഗോരഖ്പൂർ, മീററ്റ്, സഹാറൻപൂർ എന്നിവ ഒഴികെയുള്ള 71 ജില്ലകളിൽ നിന്ന് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കി. 600 ൽ അധികം ആക്ടീവ് കേസുകൾ ഉള്ള ജില്ലകളിലാണ് നിയന്ത്രണങ്ങൾ തുടരുന്നത്.
അതേ സമയം ശനിയും ഞായറും വാരാന്ത്യ ലോക്ക്ഡൗൺ സംസ്ഥാനത്ത് തുടരും. നിയന്ത്രണങ്ങൾ തുടരുന്ന ജില്ലകളിൽ മാറ്റം വേണമോ എന്നതിനെ കുറിച്ച് ചൊവ്വാഴ്ച നടക്കുന്ന യോഗത്തിൽ തീരുമാനിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞുവരികയാണ്.
36 ജില്ലകളിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊവിഡ് കേസുകൾ ഒറ്റ അക്കത്തിലേക്കെത്തിയിരുന്നു.
നിലവിൽ സംസ്ഥാനത്ത് 17,900 കേസുകളാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1165 പുതിയ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
പോസിറ്റീവ് നിരക്ക് ഇപ്പോൾ 0.4 ശതമാനമാണ്. ഇതിനൊപ്പം 2 കോടിയിലധികം ആളുകൾക്ക് വാക്സിനേഷൻ നൽകിയതായും അധികൃതർ അറിയിച്ചു
ഹരിയാനയിൽ 14 വരെ ലോക്ക്ഡൗൺ
ഹരിയാനയിൽ കൂടുതൽ ഇളവുളോടെ ലോക്ക്ഡൗൺ 14 വരെ നീട്ടി. ഷോപ്പുകൾ, മാളുകൾ, റെസ്റ്റോറന്റുകൾ, ബാറുകൾ, ആരാധനാലയങ്ങൾ എന്നിവ നിബന്ധനളോടെ തുറക്കാം.