ന്യൂഡൽഹി: അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ തയ്യാറെടുപ്പിനായി ഇതുവരെയുള്ള ജയപരാജയങ്ങളിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ പ്രധാനമന്ത്രി നരേന്ദ്രമോദി പാർട്ടി നേതാക്കൾക്ക് നിർദ്ദേശം നൽകി. ഡൽഹിയിൽ രണ്ടുദിവസത്തെ ബി.ജെ.പി ജനറൽ സെക്രട്ടറിമാരുടെ യോഗത്തിൽ സംസാരിക്കുമ്പോഴാണ് പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് തോൽവിയും അസാം, പുതുച്ചേരി സംസ്ഥാനങ്ങളിലെ ജയവും വിലയിരുത്താൻ മോദി ആവശ്യപ്പെട്ടത്.
പശ്ചിമബംഗാളിൽ മൂന്ന് സീറ്റിൽ നിന്ന് 77ൽ എത്തിയത് നേട്ടമാണെന്ന് ചൂണ്ടിക്കാട്ടിയ നരേന്ദ്രമോദി അവിടെ തൃണമൂലിന്റെ വെല്ലുവിളി അതിജീവിച്ച് ഭരണം പിടിക്കാൻ കഴിയാതിരുന്നത് എന്തുകൊണ്ടാണെന്ന് വിലയിരുത്താനും ആവശ്യപ്പെട്ടു. അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ഉത്തർപ്രദേശിനുള്ള പ്രാധാന്യം മനസിലാക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും അദ്ദേഹം നിർദ്ദേശിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്നുയർന്ന പരാതികൾ തീർപ്പാക്കാൻ ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ തുടക്കമിട്ട നടപടികളിൽ പ്രധാനമന്ത്രി തൃപ്തി രേഖപ്പെടുത്തി. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ തന്നെ അടുത്ത വർഷവും തിരഞ്ഞെടുപ്പ് നേരിടാനാണ് ബി.ജെ.പിയുടെ തീരുമാനം.അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, മണിപ്പൂർ സംസ്ഥാനങ്ങളിൽ ഭരണം നിലനിറുത്താനും പഞ്ചാബിൽ കോൺഗ്രസിനെ പുറത്താക്കാനുമുള്ള തന്ത്രങ്ങളാണ് രണ്ടുദിവസത്തെ യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്‌തത്.
ഉടൻ നടക്കുന്ന കേന്ദ്ര മന്ത്രിസഭാ അഴിച്ചുപണിയിൽ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കളെ ഉൾപ്പെടുത്തിയേക്കും. ചിലരെ മന്ത്രിസഭയിൽ നിന്ന് പാർട്ടി ചുമതലയിലേക്ക് മാറ്റും. മറ്റു ചിലരുടെ വകുപ്പുകളിൽ മാറ്റമുണ്ടാകുമെന്നും കേൾക്കുന്നു.