 കെ. സുധാരനെ സംസ്ഥാന അദ്ധ്യക്ഷനാക്കി ഹൈക്കമാൻഡ് ഒറ്റമൂലി

 കൊടിക്കുന്നിൽ, പി.ടി.തോമസ്, ടി.സിദ്ധിഖ് വർക്കിംഗ് പ്രസിഡന്റുമാർ

 കെവി. തോമസിനെ യു.ഡി.എഫ് കൺവീനർ ആക്കിയേക്കും

ന്യൂഡൽഹി​: സംസ്ഥാന കോൺഗ്രസിന് ഇനി കെ.സുധാകരന്റെ 'രക്ഷാകരം.' ഗ്രൂപ്പുകളിയുടെ കുരുക്കിൽ ശ്വാസംമുട്ടിയും, തി​രഞ്ഞെടുപ്പുകളിൽ തുടർച്ചയായി മൂക്കുകുത്തിയും ഗുരുതരാവസ്ഥയിലായ പാർട്ടിക്ക് ജീവശ്വാസം പകർന്ന് പുനരുജ്ജീവിപ്പിക്കാനുള്ള പുതിയ ദൗത്യം കോൺഗ്രസിലെ 'കണ്ണൂർ രക്ത'മായ സുധാരനെ ഏല്പിച്ച് ഹൈക്കമാൻഡ്. കണ്ണൂരിൽ നിന്നുള്ള എം.പി കൂടിയായ സുധാകരനെ കെ.പി.സി.സി അദ്ധ്യക്ഷനാക്കിയുള്ള തീരുമാനം ഇന്നലെ ഉച്ചകഴിഞ്ഞ് രാഹുൽ ഗാന്ധി നേരിട്ടാണ് അദ്ദേഹത്തെ വിളിച്ചറിയിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കു പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് രമേശ് ചെന്നി​ത്തലയെ മാറ്റി​ വി​.ഡി​. സതീശനെ കൊണ്ടുവന്ന് ഗ്രൂപ്പ് നായകരെ ഞെട്ടിച്ച ഹൈക്കമാൻഡ്, പാർട്ടി അദ്ധ്യക്ഷന്റെ കാര്യത്തിലും ഗ്രൂപ്പ് സമ്മർദ്ദങ്ങൾക്കും ഭീഷണികൾക്കും വഴങ്ങാതെ ധീരമായ തീരുമാനമെടുക്കുകയായിരുന്നു. .

വർക്കിംഗ് പ്രസിഡന്റുമാരായി കൊടിക്കുന്നിൽ സുരേഷിനൊപ്പം, പി.ടി. തോമസിനെയും ടി. സിദ്ധിഖിനെയും നിയമിച്ചു. വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കിയ മുൻ എം.പി കെ.വി. തോമസിനെ യു.ഡി.എഫ് കൺവീനർ ആക്കിയേക്കും.

തദ്ദേശത്തിലെ തോൽവിയെത്തുടർന്ന്, നിയമസഭാ തി​രഞ്ഞെടുപ്പി​ന് മുമ്പുതന്നെ കെ. സുധാകരനെ അദ്ധ്യക്ഷനാക്കാൻ ഹൈക്കമാൻഡ് നീക്കമുണ്ടായെങ്കിലും എ, ഐ ഗ്രൂപ്പുകളുടെ എതി​ർപ്പു കാരണം ഉപേക്ഷി​ക്കുകയായി​രുന്നു. നി​യമസഭാ തി​രഞ്ഞെടുപ്പി​ലെ തോൽവിയുടെ ഉത്തരവാദി​ത്വം ഏറ്റെടുത്ത് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി​ രാമചന്ദ്രൻ രാജിസന്നദ്ധത അറിയിച്ചെങ്കിലും, ഗ്രൂപ്പുകളുടെ വിയോജിപ്പിനു മുന്നിൽ പുതിയ അദ്ധ്യക്ഷനെ കണ്ടെത്താനുള്ള നീക്കം വീണ്ടും വഴിമുട്ടി.

ഇതിനിടെ, പ്രസിഡന്റ് സ്ഥാനത്തേക്ക് വർക്കിംഗ് പ്രസിഡന്റും എം.പിയുമായ കൊടി​ക്കുന്നി​ൽ സുരേഷിന്റെയും ചില ഗ്രൂപ്പ് നോമിനികളുടെയും പേരുകൾ പ്രചരിച്ചെങ്കിലും പാർട്ടി അണികളുടെ വികാരം അതല്ലെന്ന് ഹൈക്കമാൻഡ് തിരിച്ചറിഞ്ഞു. കേരളത്തി​ന്റെ ചുമതലയുള്ള എ.ഐ.സി​.സി​ ജനറൽ സെക്രട്ടറി​ താരി​ഖ് അൻവർ വഴി​ സംസ്ഥാന നേതാക്കളുടെ അഭി​പ്രായമാരാഞ്ഞെങ്കിലും, ആരുടെയും പേര് നിർദ്ദേശിക്കാതെ നിസ്സഹകരണ

മനോഭാവത്തിലായിരുന്നു ഗ്രൂപ്പ് മാനേജർമാർ. ഈ സാഹചര്യത്തിലാണ് പാർട്ടി അദ്ധ്യക്ഷ സോണിയാ

ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും 'ഒറ്റമൂലി' പ്രയോഗം.

ചലിപ്പിക്കുക ലക്ഷ്യം

പാർട്ടിയെ അടിമുടി ചലനാത്മകമാക്കുകയാണ് സുധാകരനെ നിയമിക്കുക വഴി ഹൈക്കമാൻഡിന്റെ ലക്ഷ്യം. അണികളിൽ ആവേശമുണർത്തുന്ന തീപ്പൊരി നേതാവാണ് സുധാകരൻ. ലോക്‌സഭാ തിരഞ്ഞെടുപ്പിന് പാ‌ർട്ടിയെ സജ്ജമാക്കാൻ സുധാകരനു മുന്നിൽ മൂന്നു വർഷത്തോളം സാവകാശമുണ്ടെന്നത് അനുകൂല ഘടകം.

അഴിച്ചുപണി, ആശങ്ക

ബൂത്ത് തലം തൊട്ട് ഡി.സി.സി തലം വരെ സമഗ്ര അഴിച്ചുപണിയുണ്ടാകുമെന്നാണ് സൂചനകൾ. 14 ഡി.സി.സികളിലും പുതിയ അദ്ധ്യക്ഷന്മാർ എത്തിയേക്കും. കെ. സുധാകരൻ പ്രസിഡന്റായി എത്തുകയും കെ,സി. വേണുഗോപാൽ കരുത്ത് കൂട്ടുകയും ചെയ്യുമ്പോൾ സംസ്ഥാന കോൺഗ്രസിലുണ്ടാകാവുന്ന ചലനങ്ങളാണ് നിരീക്ഷകർ പങ്കുവയ്ക്കുന്ന ആശങ്കകളിലൊന്ന്.

5 വെല്ലുവിളികൾ

1. ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാക്കളെ ഒരുമിച്ചുകൂട്ടി നീങ്ങുക.

2. മുറിവേറ്റ ഗ്രൂപ്പ് മാനേജർമാരുടെ നീക്കങ്ങൾക്ക് തടയിടുക.

3. ബൂത്ത്തലം വരെ നിർജ്ജീവമായ സംഘടനയെ പുനരുജ്ജീവിപ്പിക്കുക.

4. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് പാർട്ടിക്ക് കരുത്തു പകരുക

5. അകന്നുപോയ ന്യൂനപക്ഷങ്ങളുടെ വിശ്വാസം തിരിച്ചുപിടിക്കുക.