vaccine-

ന്യൂഡൽഹി: സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകാൻ 75ശതമാനം വാക്സിനും വാങ്ങുന്നതിലൂടെ കേന്ദ്രസർക്കാരിന് 50,000 കോടി രൂപയുടെ ബാദ്ധ്യതയുണ്ടാകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ അറിയിച്ചു. അതേസമയം സർക്കാരിന്റെ കൈവശം പണമുള്ളതിനാൽ സപ്ളിമെന്ററി ഗ്രാൻഡ് വേണ്ടിവരില്ലെന്നും മന്ത്രി പറഞ്ഞു.

രാജ്യത്ത് ഉത്പാദിപ്പിക്കുന്ന കൊവിഷീൽഡ്, കൊവാക്സിൻ, ഉടൻ അടിയന്തര അനുമതി ലഭിക്കാനിടയുള്ള ബയോ-ഇ വാക്സിനുകളാകും പുതിയ വാക്സിൻ പ്രകാരം സംസ്ഥാനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യുക. 25 കോടി ഡോസ് കൊവിഷീൽഡും 19കോടി ഡോസ് കൊവാക്സിനും 30കോടി ഡോസ് ബയോ-ഇ വാക്സിനും ആഗസ്റ്റ് - ഡിസംബർ മാസത്തിൽ ലഭ്യമാക്കും.

ഡി.എ. വർദ്ധിപ്പിക്കില്ല

കേന്ദ്രസർക്കാർ ജീവനക്കാരുടെ മരവിപ്പിച്ച ഡി.എ ജൂലായ് മുതൽ പുനരാരംഭിക്കുമെങ്കിലും വർദ്ധനവ് വരുത്താനും കുടിശ്ശിക നൽകാനും സാദ്ധ്യതയില്ലെന്ന് ധനകാര്യ മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു. സൗജന്യ വാക്സിൻ പദ്ധതിയും ക്ഷാമ കുടിശികയും ഒന്നിച്ച് താങ്ങാനുള്ള സാമ്പത്തിക ശേഷി സർക്കാരിനില്ലെന്നും അവർ വ്യക്തമാക്കി.