ന്യൂഡൽഹി: കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട രാജ്യസഭാംഗങ്ങളായ സി.പി.എമ്മിന്റെ ജോൺ ബ്രിട്ടാസ്, ഡോ.വി.ശിവദാസൻ, നോമിനേറ്റഡ് അംഗങ്ങളായ സ്വപൻദാസ് ഗുപ്‌ത, മഹേഷ് ജെത്‌മലാനി എന്നിവർ രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡുവിന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്‌തു. ആരോഗ്യപരമായ കാരണങ്ങളാൽ ഇന്നലെ എത്താതിരുന്ന മുസ്ളിംലീഗിന്റെ അബ്ദുൾ വഹാബ് മറ്റൊരു ദിവസം സത്യപ്രതിജ്ഞ ചെയ്യും. പാർലമെന്റിലെ രാജ്യസഭാ ചേംബറിൽ നടന്ന ചടങ്ങിൽ ഉപാദ്ധ്യക്ഷൻ ഹരിവംശ്, കേന്ദ്ര മന്ത്രിമാരായ പ്രഹ്ളാദ് ജോഷി, വി.മുരളീധരൻ, അർജുൻ റാം മേഘ്‌വാൾ തുടങ്ങിയവർ പങ്കെടുത്തു.