asaram-bapu

ന്യൂഡൽഹി: ബലാത്സംഗക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന വിവാദ ആൾദൈവം ആശാറാം ബാപ്പുവിന് ജാമ്യം നൽകരുതെന്ന് രാജസ്ഥാൻ സർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചു.

ചികിത്സയുടെ പേരിൽ രാജസ്ഥാനിൽ നിന്ന് കസ്റ്റഡി മാറ്റാനുള്ള നീക്കമാണ് ആശാറാം ബാപ്പു നടത്തുന്നതെന്ന് സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ രാജസ്ഥാൻ സർക്കാർ അറിയിച്ചു.

ഇത് നിയമത്തിന്റെ ദുരുപയോഗമാണ്. ആശാറാം ബാപ്പുവിന് നിലവിൽ ആരോഗ്യ പ്രശ്‌നങ്ങളില്ല. അറസ്റ്റിലായ ദിവസം മുതൽ അടിയന്തര വൈദ്യസഹായം ലഭിക്കുമെന്ന ആശങ്ക പ്രതി ഉന്നയിക്കുകയായിരുന്നു. ഡോക്ടറുടേതെന്ന പേരിൽ സംഘടിപ്പിച്ച സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയെന്നും സർക്കാർ സുപ്രീംകോടതിയിൽ വിശദീകരിച്ചു.

പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയെത്തുടർന്ന് പോക്‌സോ, ബാലനീതിനിയമം, പട്ടികജാതിവർഗ അതിക്രമം തടയൽ നിയമം എന്നിവ ചുമത്തിയാണ് ആശാറാമിനെ ശിക്ഷിച്ചത്. ഇയാൾക്കെതിരെ ഗുജറാത്തിലും പീഡനക്കേസുണ്ട്.