jithin-prasad

ന്യൂഡൽഹി​: മുൻ കേന്ദ്രമന്ത്രി​യും രാഹുൽ ഗാന്ധി​യുടെ വി​ശ്വസ്തനുമായി​രുന്ന ജി​തിൻ പ്രസാദ കോൺ​ഗ്രസ് വി​ട്ട് ബി.ജെ.പിയിൽ ചേർന്നു. അടുത്ത വർഷം നടക്കുന്ന തി​രഞ്ഞെടുപ്പ് മുന്നി​ൽ കണ്ടാണ് ഉത്തർപ്രദേശി​ൽ നി​ന്നുള്ള ബ്രാഹ്മണ സമുദായാംഗമായ ജി​തിൻ പ്രസാദയെ ബി​.ജെ.പി​ റാഞ്ചി​യത്. നേതൃമാറ്റവും ജനാധി​പത്യവും ആവശ്യപ്പെട്ട് കോൺ​ഗ്രസ് അദ്ധ്യക്ഷ സോണി​യാഗാന്ധി​ക്ക് കത്തയച്ച നേതാക്കളി​ൽ ഒരാളാണ് ജിതിൻ.

ബി​.ജെ.പി​ മാത്രമാണ് രാജ്യത്തെ ദേശീയ പാർട്ടി​യെന്നും ബാക്കി​യുള്ളവ പ്രാദേശി​ക പാർട്ടി​കളാണെന്നും പാർട്ടി​ അംഗത്വമെടുത്ത ശേഷം ജി​തിൻ പ്രസാദ പറഞ്ഞു. രാജ്യത്തെ വെല്ലുവി​ളി​കൾ നേരി​ടാൻ ബി​.ജെ.പി​ക്കും പ്രധാനമന്ത്രി​ നരേന്ദ്രമോദി​ക്കും മാത്രമേ കഴി​യൂ. രാഷ്‌ട്രീയത്താൽ ചുറ്റപ്പെട്ട കോൺ​ഗ്രസി​ൽ നി​ന്നാൽ പ്രവർത്തി​ക്കാൻ കഴി​യി​ല്ലെന്ന തി​രി​ച്ചറി​വി​ലാണ് രാജി​വച്ചത്. പത്തു വർഷം മുമ്പേ പാർട്ടി​ വി​ടാൻ ആലോചി​ച്ചിരുന്നുവെന്നും ജി​തിൻ പ്രസാദ പറഞ്ഞു.

ജിതിൻകേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. നേരത്തെ കോൺഗ്രസ് വിട്ട ജ്യോതിരാദിത്യ സിന്ധ്യ, ജിതിനെ സ്വാഗതം ചെയ്തു. മൻമോഹൻ സർക്കാരിൽ കേന്ദ്രമന്ത്രിയായിരിക്കെ, രാഹുലിന്റെ വിശ്വസ്തനായിരുന്നു ജി​തിൻ പ്രസാദ. 2014, 2019 ലോക്സഭാ തിരഞ്ഞെടുപ്പിലും 2017 യു.പി നിയമസഭാ തിരഞ്ഞെടുപ്പിലും തോറ്റതോടെ അദ്ദേഹം നേതൃത്വവുമായി അകന്നു തുടങ്ങി. 2019ൽ പാർട്ടി വിടാനൊരുങ്ങിയപ്പോൾ യു.പിയുടെ ചുമതലയുള്ള പ്രിയങ്കാ ഗാന്ധി ഇടപെട്ട് തീരുമാനം മാറ്റിയതാണ്.

പിന്നീട് കോൺഗ്രസ് നേതൃത്വത്തിനെതിരെ കത്തെഴുതിയതോടെ പാർട്ടിയിൽ ഒതുക്കപ്പെട്ടു. എങ്കിലും ഇക്കഴിഞ്ഞ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നൽകി. അവിടെ പാർട്ടി കനത്ത പരാജയമേറ്റതോടെ ജിതിൻ ഒറ്റപ്പെട്ടു. ഇതാണ് ബി.ജെ.പി അവസരമാക്കിയത്. ജിതിന്റെ പിതാവ് ജിതേന്ദ്ര പ്രസാദയും നേതൃത്വത്തെ വെല്ലുവിളിച്ചയാളാണ്. 1999ൽ കോൺഗ്രസ് അദ്ധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ സോണിയാ ഗാന്ധിക്കെതിരെ മത്സരിച്ചിരുന്നു.

ജിതിന്റെ വരവ് യു.പിയിലെ 13 ശതമാനം വരുന്ന ബ്രാഹ്മണ വോട്ട് ബാങ്കിൽ കാര്യമായ സ്വാധീനമുണ്ടാക്കുമെന്ന് ബി.ജെ.പി കരുതുന്നു. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ ജാട്ട് സമുദായത്തിനൊപ്പമാണെന്ന ബ്രാഹ്മണ വിഭാഗത്തിന്റെ പരാതി പരിഹരിക്കാമെന്നും കണക്കുകൂട്ടുന്നു.

 പോകുന്നവരൊക്കെ പോകട്ടെ. അദ്ദേഹത്തിന് കോൺഗ്രസിൽ നല്ല ഭാവിയുണ്ടായിരുന്നു. പാർട്ടിവിട്ടത് നിർഭാഗ്യകരം -മല്ലികാർജ്ജുന ഖാർഗെ