ന്യൂഡൽഹി: കുഴൽപ്പണക്കേസും തിരഞ്ഞെടുപ്പ് ഫണ്ട് സംബന്ധിച്ച വെളിപ്പെടുത്തലുകളും പ്രതിസന്ധിയിലാക്കിയ ബി. ജെ. പി കേരള ഘടകത്തിന് ദേശീയ നേതൃത്വത്തിന്റെ പിന്തുണ. ഫണ്ട് വിനിയോഗത്തിൽ സംസ്ഥാന നേതൃത്വത്തിന് ജാഗ്രതക്കുറവുണ്ടായെന്ന് വിലയിരുത്തുന്ന കേന്ദ്ര നേതൃത്വം പാർട്ടിയെ ദുർബ്ബലമാക്കാനുള്ള ചില കേന്ദ്രങ്ങളുടെ നീക്കത്തെ ഒന്നിച്ചെതിർക്കാൻ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന് നിർദ്ദേശം നൽകി. വിവാദങ്ങൾ പാർട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചെങ്കിലും എടുത്തുപിടിച്ച് നേതാക്കൾക്കെതിരെ നടപടി വേണ്ടെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം.
ഡൽഹിയിലുള്ള കെ. സുരേന്ദ്രൻ, നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം നേടാതിരുന്നതിനൊപ്പം കുഴപ്പണക്കേസും വിവാദ വെളിപ്പെടുത്തലുകളും പാർട്ടിയെ പ്രതിസന്ധിയിലാക്കിയത് സംബന്ധിച്ച് കേന്ദ്ര നേതൃത്വത്തിന് വിശദീകരണം നൽകിയതായി അറിയുന്നു. ചർച്ചയുടെ വിവരങ്ങൾ സുരേന്ദ്രൻ വെളിപ്പെടുത്തിയില്ല. സി.പി.എം നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ, കേസുകളും തിരഞ്ഞെടുപ്പ് ഫണ്ട് വെളിപ്പെടുത്തലുകളും നിരത്തി ബി.ജെ.പിയെ ഹൈജാക്ക് ചെയ്യാനാണ് ശ്രമമിക്കുന്നതെന്ന് സുരേന്ദ്രൻ വിശദീകരിച്ചതായി അറിയുന്നു.
തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ വിവാദങ്ങൾ പാർട്ടിയെ പിടികൂടിയെങ്കിലും പെട്ടെന്ന് സംസ്ഥാന ഘടകത്തിൽ അഴിച്ചു പണി വേണ്ടെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. സുരേന്ദ്രന് ഒരവസരം കൂടി നൽകുമെന്നും അറിയുന്നു. അതേസമയം തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം സംബന്ധിച്ച് സംസ്ഥാന ഘടകത്തിന് ജാഗ്രത കുറവുണ്ടായെന്ന് കേന്ദ്ര നേതാക്കൾ വിലയിരുത്തുന്നു. ഇ.ശ്രീധരൻ, ജേക്കബ് തോമസ്, സി.വി. ആനന്ദ് ബോസ് എന്നിവരടങ്ങിയ സ്വതന്ത്ര സമിതി നൽകിയ റിപ്പോർട്ടിൽ സംസ്ഥാന നേതൃത്വത്തിന് സംഭവിച്ച പിഴവുകൾ വിശദീകരിക്കുന്നുണ്ടെന്നാണ് സൂചന.
കള്ളക്കേസ് വനം കൊള്ളയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ: കുമ്മനം
തിരുവനന്തപുരം: മുട്ടിൽ വനം കൊള്ളക്കേസിൽ സി.പി.എമ്മും സർക്കാരും പ്രതിക്കൂട്ടിലായതിൽ നിന്നു ജനശ്രദ്ധ തിരിച്ചു വിടാനാണ് ബി.ജെ.പി നേതാക്കൾക്കെതിരെ കള്ളക്കേസ് ചമയ്ക്കുന്നതെന്ന് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ആരോപിച്ചു. കൊടകര കേസിൽ നേതാക്കളെ വിളിച്ചുവരുത്തി തെറ്റായ വാർത്തകൾ മാദ്ധ്യമങ്ങൾക്ക് നൽകി പാർട്ടിയുടെ സൽപ്പേര് നശിപ്പിക്കാനും നേതാക്കളെ കള്ളക്കേസിൽ കുടുക്കാനുമായി പൊലീസ് വ്യാപകമായ പ്രവർത്തനങ്ങൾ നടത്തുന്നു. ബി.ജെ.പിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങൾക്കെതിരെ ഗവർണർ ആരിഫ് മുഖമ്മദ് ഖാന് നിവേദനം നൽകിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ നടപടിക്കെതിരെ വ്യാപക പ്രക്ഷോഭം നടത്തും. പൊലീസിന്റെ നിയമവിരുദ്ധ നടപടിക്കെതിരെ ഡി.ജി.പിക്ക് പരാതി നൽകും. ഒ. രാജഗോപാൽ, പി. സുധീർ, എസ്. സുരേഷ്, വി.വി. രാജേഷ് എന്നിവരും നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.