ന്യൂഡൽഹി: കൊവിഡ് മഹാമാരികാലത്തെ ഡോക്ടർമാർ ചെയ്യുന്ന നിസ്വാർത്ഥ സേവനം കണക്കിലെടുത്ത് പി.ജി. അവസാന വർഷ പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റസിഡന്റ് ഡോക്ടർമാർ സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതിയുടെ വിമർശനം. പരീക്ഷ പാസാകാത്ത ഡോക്ടർമാരുടെ മുന്നിൽ എങ്ങിനെ രോഗികളെ അയയ്ക്കുമെന്നാണ് വാദത്തിനിടെ ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, എം.ആർ.ഷാ എന്നിവരുൾപ്പെട്ട ബെഞ്ച് ആരാഞ്ഞത്. വിഷയത്തിൽ വിശദീകരണം തേടി കേന്ദ്രത്തിനും ദേശീയ മെഡിക്കൽ കമ്മീഷനും നോട്ടീസും നൽകി കോടതി.
പി.ജി.വിദ്യാർത്ഥികൾ മൂന്ന് വർഷം പൂർത്തിയാക്കിയെന്നും നിരന്തരമായ ഇന്റേണൽ പരീക്ഷകളിലൂടെ ഇവർ സമർത്ഥരാണെന്ന് തെളിയിച്ചവരാണെന്നും ഹർജിക്കാർക്കായി മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഡ്ജ് കോടതിയിൽ വാദിച്ചു. പരീക്ഷ നടത്തിപ്പ് സംബന്ധിച്ച കാര്യങ്ങൾ നയപരമാണെന്ന് നിരീക്ഷിച്ച കോടതി ഹർജി പരിഗണിക്കുന്നത് അടുത്ത വെള്ളിയാഴ്ചയിലേക്ക് മാറ്റി.
29 ഡോക്ടർമാരാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. പരീക്ഷ റദ്ദാക്കുന്നതിനൊപ്പം ഇവരെ സീനിയർ റസിഡന്റ് ഡോക്ടർമാരും പോസ്റ്റ് ഡോക്ടർ വിദ്യാർത്ഥികളുമായി ആനുകൂല്യങ്ങളോടെ സ്ഥാനക്കയറ്റം നൽകണമെന്നും ആവശ്യപ്പെടുന്നു.