ന്യൂഡൽഹി: വകുപ്പുതല അന്വേഷണത്തിനെതിരെ മുംബയ് മുൻ പൊലീസ് കമ്മിഷണർ പരംബീർ സിംഗ് സമർപ്പിച്ച ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. ചില്ലുമേടയിലിരുന്ന് കല്ലെറിയരുതെന്ന് കോടതി പരംബീർ സിംഗിനെ വിമർശിച്ചു. മുപ്പത് വർഷത്തിലധികം ജോലി ചെയ്ത മഹാരാഷ്ട്ര പൊലീസിനെ വിശ്വാസമില്ലെന്ന നിലപാട് ഞെട്ടിക്കുന്നതാണെന്നും ജസ്റ്റിസ് ഹേമന്ദ് ഗുപ്ത അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. പരംബീർ സിംഗിന് ഹർജിയുമായി ബോംബെ ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്നും വ്യക്തമാക്കി. തുടർന്ന്, സുപ്രീംകോടതിയിലെ ഹർജി പരംബീർ സിംഗ് പിൻവലിച്ചു.
കള്ളക്കേസുകളിൽ കുടുക്കാനാണ് വകുപ്പുതല അന്വേഷണമെന്ന് പരംബീർ സിംഗ് ഹർജിയിൽ ആരോപിച്ചിരുന്നു. മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയായിരുന്ന അനിൽ ദേശ്‌മുഖിനെതിരെ കൈക്കൂലി അടക്കം ഉന്നയിച്ച് നൽകിയ പരാതി പിൻവലിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.