ന്യൂഡൽഹി: അക്രഡിറ്റഡ് ട്രെയിനിംഗ് കേന്ദ്രങ്ങളിൽ ഡ്രൈവിംഗ് പരിശീലനം നേടുന്നവർക്ക് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് (ആർ.ടി.ഒ) നടത്തുന്ന പരീക്ഷ ആവശ്യമില്ല. അംഗീകൃത സെന്ററുകൾക്ക് കൂടുതൽ അധികാരം നൽകി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വിജ്ഞാപനമിറക്കി. ജൂലായ് ഒന്നുമുതൽ ഇത് നിലവിൽ വരും.
അക്രഡിറ്റഡ് ട്രെയിനിംഗ് കേന്ദ്രങ്ങൾ സിമുലേറ്ററുകളും (വാഹനത്തിൽ ഇരിക്കുന്ന പ്രതീതിയുണ്ടാക്കുന്നത്) ഡ്രൈവിംഗ് പരിശീലന ട്രാക്കുകളും വാഹനങ്ങളുടെ സാങ്കേതിക സംവിധാനങ്ങൾ പഠിപ്പിക്കാൻ വർക്ക്ഷോപ്പുകളും അടക്കം ആധുനിക സൗകര്യങ്ങളോടെ കുറഞ്ഞത് മൂന്ന് ഏക്കർ സ്ഥലത്താണ് പ്രവർത്തിക്കേണ്ടത്.
ചെറിയ വാഹനങ്ങൾ ഓടിക്കാൻ നാലാഴ്ച നീളുന്ന 29 മണിക്കൂർ പരിശീലനവും മീഡിയം, ഹെവി വാഹനങ്ങൾക്ക് ആറാഴ്ച നീളുന്ന 38 മണിക്കൂർ പരിശീലനവുമാണ് നിഷ്കർഷിച്ചിരിക്കുന്നത്. തിയറിയും പ്രാക്ടിക്കലും അടക്കമാണിത്. സിമുലേറ്ററിൽ നാലുമണിക്കൂർ പരിശീലിപ്പിക്കും. മഴയിലും മഞ്ഞിലും രാത്രിയിലും അടക്കം വിവിധ പരിതസ്ഥിതികളിൽ വാഹനം എങ്ങനെ ഓടിക്കാമെന്ന് പഠിപ്പിക്കണം.
ഇത്തരം കേന്ദ്രങ്ങൾക്ക് മോട്ടോർ വാഹന നിയമപ്രകാരം റെമെഡിയൽ, റിഫ്രഷർ കോഴ്സുകൾ നൽകുന്നതിനൊപ്പം മോട്ടോർവാഹന വ്യവസായവുമായി ബന്ധപ്പെട്ട മറ്റ് പരിശീലനങ്ങൾ നൽകാനും അധികാരമുണ്ട്.
ടെസ്റ്റില്ലാ ലൈസൻസ്, ഡ്രൈവിംഗ് സ്കൂളുകൾ പഞ്ചറാകും
എസ്. പ്രേംലാൽ
തിരുവനന്തപുരം: ടെസ്റ്റില്ലാതെ ഡ്രൈവിംഗ് ലൈസൻസ് നൽകാൻ അക്രഡിറ്റഡ് ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങൾക്ക് കേന്ദ്രം അനുമതി നൽകിയത് നിലവിലുള്ള ഡ്രൈവിംഗ് സ്കൂളുകളെ തകർക്കും. കേരളത്തിൽ അക്രഡിറ്റഡ് ഡ്രൈവിംഗ് പരിശീലന കേന്ദ്രം ഒരെണ്ണമേയുള്ളൂ. മലപ്പുറത്തെ എടപ്പാളിൽ. കൂടുതൽ കേന്ദ്രങ്ങൾക്ക് അനുമതി നൽകുമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്. നിലവിലുള്ള ഡ്രൈവിംഗ് സ്കൂളുകൾ ആ രീതിയിലേക്ക് മാറേണ്ടിവരും. അതിന് വലിയ തുക കണ്ടെത്തേണ്ടി വരും. അല്ലാത്തവർക്ക് ഏറെക്കാലം പിടിച്ച് നിൽക്കാനാവില്ല.
അക്രഡിറ്റഡ് ആകാൻ
കുറഞ്ഞത് മൂന്ന് ഏക്കർ സ്ഥലം, വാഹനഭാഗങ്ങളെക്കുറിച്ച് പഠിപ്പിക്കാനുളള വർക്ക് ഷോപ്പ്, ഡ്രൈവിംഗ് സിമുലേറ്റർ, ടെസ്റ്റ് ട്രാക്ക് തുടങ്ങിയവ വേണം. ഇതിന് സ്ഥലവില ഉൾപ്പെടെ കണക്കാക്കിയാൽ കോടിക്കണക്കിന് രൂപ ചെലവു വരും.
എടപ്പാളിലെ സെന്റർ
കെ.എസ്.ആർ.ടി.സി റിജ്യയണൽ വർക്ക്ഷോപ്പിന്റെ സ്ഥലത്ത് കേന്ദ്രഗവൺമെന്റ് സ്ഥാപിച്ചിട്ടുള്ള അക്രഡിറ്റഡ് ട്രെയിനിംഗ് സെന്റർ (ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡ്രൈവർ ട്രെയിനിംഗ് ആൻഡ് റിസർച്ച് സെന്റർ) മോട്ടോർവാഹന വകുപ്പിന്റെ മേൽനോട്ടത്തിലാണ് നടത്തുന്നത്. ഇപ്പോൾ ഡ്രൈവർമാർക്കുളള പ്രത്യേക പരിശീലനം മാത്രമാണ് നൽകുന്നത്.
പരിശീലനം
ചെറിയ വാഹനങ്ങൾ ഓടിക്കാൻ 29 മണിക്കൂർ. 21 മണിക്കൂർ പ്രായോഗിക പരിശീലനം. 4 മണിക്കൂർ സിമുലേറ്ററിൽ രാത്രികാല ഡ്രൈവിംഗ്, മഴ-ഫോഗ് ഡ്രൈവിംഗ് എന്നിവ പരിശീലിപ്പിക്കും.
മീഡിയം, ഹെവി വാഹനങ്ങൾ ഓടിക്കാൻ 38 മണിക്കൂർ പരിശീലനം. 16 മണിക്കൂർ തിയറിയും 22 മണിക്കൂർ പ്രാക്ടിക്കലും.
നിലവിലെ ടെസ്റ്റ് തുടരും
സംസ്ഥാനത്ത് 8 കമ്പ്യൂട്ടർ ലേണേഴ്സ് സെന്ററുകളിലും 86 ഗ്രൗണ്ടുകളിലുമാണ് ടെസ്റ്റ് നടത്തുന്നത്.
ഒരു ദിവസം 76,000 പേരാണ് ലേണേഴ്സ് ലൈസൻസ് നേടുന്നത്.
# ഡ്രൈവിംഗ് സ്കൂളുകൾ 4,000
# തൊഴിലാളികൾ 25,000
# അക്രഡിറ്റഡ് സെൻററിലേക്ക് മാറാൻ സാമ്പത്തിക കരുത്തുള്ളത് 100.
# പരിശീലനത്തിന് നിലവിലുള്ള ഫീസ് 10,000 മുതൽ 15,000 വരെ.
# അക്രഡിറ്റഡ് സെന്ററുകളിലെ നിരക്ക് വ്യക്തമാക്കിയിട്ടില്ല.
''മെച്ചപ്പെട്ട സൗകര്യമൊരുക്കി അക്രെഡിറ്റഡിലേക്ക് മാറിയാൽ മാത്രമെ പിടിച്ച് നിൽക്കാനാവൂ. സമീപഭാവിയിൽ നേരിടേണ്ടി വരുന്ന വലിയ വെല്ലുവിളിയാണിത്.
എം.എസ്. പ്രസാദ്
ജനറൽ സെക്രട്ടറി
ഒാൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്കൂൾ
ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് യൂണിയൻ