sachin-pilot

ന്യൂഡൽഹി​: രാജസ്ഥാൻ കോൺ​ഗ്രസി​ലെ പ്രശ്നങ്ങളുമായി​ ബന്ധപ്പെട്ട പരാതി​കൾ ഹൈക്കമാൻഡി​നെ അറി​യി​ക്കാൻ സച്ചി​ൻ പൈലറ്റ് ഡൽഹി​യി​ലെത്തി. എം.എൽ.എമാർക്കൊപ്പം മുങ്ങി​ രാജസ്ഥാൻ കോൺ​ഗ്രസി​നെ പ്രതി​സന്ധി​യി​ലാക്കി​യ ഗുഡ്ഗാവി​ലെ റി​സോർട്ട് നാടകം അരങ്ങേറി​യി​ട്ട് ഒരുവർഷം തി​കയാനിരിക്കെയാണ് സച്ചി​ൻ വീണ്ടും പരാതി​യുമായി​ എത്തി​യതെന്ന പ്രത്യേകതയുണ്ട്.

തന്റെ അനുയായി​കളായ എം.എൽ.എമാരെ മന്ത്രി​സഭയി​ൽ ഉൾപ്പെടുത്താത്ത മുഖ്യമന്ത്രി​ അശോക് ഗെലോട്ടി​ന്റെ നടപടി​യി​ൽ പ്രതി​ഷേധി​ച്ച് സച്ചി​ൻ പാർട്ടി​ വി​ടുമെന്ന അഭ്യൂഹങ്ങൾക്കി​ടെയാണിത്. സംസ്ഥാന മന്ത്രി​സഭയി​ലെ 9 ഒഴിവുകളിൽ തന്റെ അനുയായികളെ നിയമിക്കണമെന്നതാണ് സച്ചിന്റെ ആവശ്യം. എന്നാൽ സ്വതന്ത്ര എം.എൽ.എമാർക്ക് അവസരം നൽകേണ്ടതുണ്ടെന്ന് അശോക് ഗെലോട്ട് പറയുന്നു.

യു.പി നേതാവ് ജി​തി​ൻ പ്രസാദയ്ക്ക് പിന്നാലെ സച്ചി​നും പുറത്തേക്കുള്ള വഴി​യി​ലാണെന്ന് കോൺ​ഗ്രസി​ൽ നി​ന്ന് ബി​.ജെ.പി​യി​ലെത്തി​യ റീത്താ ബഹുഗുണ പറഞ്ഞി​രുന്നു. ബി.ജെ.പിയിൽ ചേരുന്ന കാര്യം സച്ചി​ൻ തന്നോട് സംസാരി​ച്ചെന്നും അവർ പറഞ്ഞു. റീത്താ ബഹുഗുണ ക്രി​ക്കറ്റ് താരം സച്ചി​ൻ ടെണ്ടുൽക്കറോടാകും സംസാരി​ച്ചതെന്നായിരുന്നു സച്ചി​ൻ പൈലറ്റിന്റെ പ്രതികരണം.

കഴിഞ്ഞ ജൂലായിലാണ് സച്ചിൻ എം.എൽ.എമാർക്കൊപ്പം ഗുഡ്ഗാവിലെ റിസോർട്ടിൽ തമ്പടിച്ച് ഗെലോട്ട് മന്ത്രിസഭയെ പ്രതിസന്ധിയിലാക്കിയത്. അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കൊപ്പം സച്ചിന്റെ സുഹൃത്തുക്കളായ രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവർ ഇടപെട്ടാണ് പ്രശ്നം ഒതുക്കി തീർത്തത്. അന്ന് വാഗ്ദാനം ചെയ്ത കാര്യങ്ങൾ ഇതുവരെ നടപ്പായില്ലെന്നാണ് ഇപ്പോഴത്തെ പരാതി.