one-nation-one-card

 നടപടികൾ പൂ‌ർത്തിയാകാനുള്ളത് ഇനി നാല് സംസ്ഥാനങ്ങളിൽ മാത്രം

ന്യൂഡൽഹി: ഒരു രാജ്യം ഒരു റേഷൻ കാർ‌ഡ് പദ്ധതി രാജ്യത്ത് നടപ്പിലാക്കുന്നതിന്റെ പ്രധാന ലക്ഷ്യം കുടിയേറ്റത്തൊഴിലാളികളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനാണെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ.

ലോക്ക്ഡൗണിലും കൊവിഡിലും പെട്ട് കഷ്ടത്തിലായ കുടിയേറ്റത്തൊഴിലാളികളെക്കുറിച്ച് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിൽ ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി അടിയന്തിരമായി നടപ്പിലാക്കുന്നതിനെക്കുറിച്ച് ആവശ്യപ്പെട്ട വിശദീകരണത്തിലാണ് കേന്ദ്രത്തിന്റെ മറുപടി.
മിതമായ വിലയ്ക്ക് രാജ്യത്തെ ഏത് റേഷൻ കടയിൽ നിന്നും ഭക്ഷ്യധാന്യം വാങ്ങാൻ അവസരമൊരുക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കൊവി‌ഡ് പ്രശ്നങ്ങൾക്കിടയിലും രാജ്യത്തെ 32 സംസ്ഥാനങ്ങൾ, കേന്ദ്രഭരണപ്രദേശങ്ങൾ പദ്ധതിയുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി. 69 കോടി ജനങ്ങൾക്ക് ഇതിന്റെ ഉപഭോക്താക്കളാകാൻ കഴിയും. കഴിഞ്ഞ ഡിസംബറിനുള്ളിൽ രാജ്യത്തെ 86 ശതമാനം ജനങ്ങളും പദ്ധതിക്ക് കീഴിലായെന്നും അഡിഷണൽ സോളിസിറ്റ‌ർ ജനറൽ ഐശ്വര്യ ഭട്ടി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

ശേഷിക്കുന്നത് നാല് സംസ്ഥാനങ്ങൾ

അസാം,​ ഛണ്ഡീഗണ്ഡ്,​ ഡൽഹി,​ പശ്ചിമ ബംഗാൾ തുടങ്ങി നാല് സംസ്ഥാനങ്ങളിൽ മാത്രമാണ് പദ്ധതി പൂർത്തിയാക്കാനുള്ളതെന്നും സാങ്കേതിക പിഴവാണ് ഇതിന് പിന്നിലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. അടിയന്തിരമായി നടപടികൾ പൂർത്തിയാക്കേണ്ടത് സംസ്ഥാനങ്ങളുടെ കടമയാണെന്നും കേന്ദ്രം കൂട്ടിച്ചേർത്തു.
പദ്ധതി നടപ്പിലാക്കാൻ വിമുഖത കാണിച്ച പശ്ചിമബംഗാളിനെ കഴിഞ്ഞ തവണ ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എം.ആർ.ഷാ എന്നിവരുൾപ്പെട്ട ബെഞ്ച് ശാസിച്ചിരുന്നു. അടിയന്തിരമായി പദ്ധതി നടപ്പിലാക്കാമെന്ന് ഇന്നലെ പശ്ചിമബംഗാൾ കോടതിയിൽ അറിയിച്ചു.

 പദ്ധതി പ്രാബല്യത്തിലെന്ന ഡൽഹി
സർക്കാരിന്റെ വാദം തെറ്റിദ്ധരിപ്പിക്കുന്നത്

ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി തങ്ങൾ നേരത്തെ തന്നെ നടപ്പിലാക്കി കഴിഞ്ഞുവെന്ന ഡൽഹി സർക്കാരിന്റെ വാദം തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ഡൽഹിയിൽ സീമാപൂരിയിൽ പദ്ധതി നടപ്പിലാക്കിയെന്ന് സർക്കാർ പറയുന്നു. വെറും 42 റേഷൻ ഷോപ്പുകൾ മാത്രമുള്ള ഈ പ്രദേശത്ത് ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി നടപ്പിലാക്കിയെന്ന് ഏങ്ങിനെ പറയാനാകും. റിക്ഷാ ഡ്രൈവർമാരും തെരുവ് കച്ചവടക്കാരും കൂലിപ്പണിക്കാരുമടക്കം 10 ലക്ഷത്തോളം നിർദ്ധനരായ കുടിയേറ്റത്തൊഴിലാളികൾ ഡൽഹിയിലുണ്ട്. ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് കീഴിൽ ഈ പദ്ധതി നടപ്പിലാക്കിയെന്നുള്ള പ്രചാരം ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.