google

ന്യൂഡൽഹി: 2020 ജനുവരിയിൽ ജെ.എൻ.യുവിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 33 പേരുടെ ചാറ്റ് വിവരങ്ങൾ ഗൂഗിളിനോട് ആരാഞ്ഞ ഡൽഹി പൊലീസിന് തിരിച്ചടി. വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ ഗൂഗിൾ കോടതി ഉത്തരവില്ലാതെ അവ കൈമാറാനാകില്ലെന്ന് കത്തിലൂടെ അറിയിച്ചു. യു.എസ്. നിയമത്തിന്റെ പരിധിയിലാണ് ഗൂഗിൾ പ്രവർത്തിക്കുന്നതെന്നും ഇത്തരത്തിലുള്ള രേഖകൾ കൈമാറണമെങ്കിൽ മ്യൂച്ചൽ ലീഗൽ അസിസ്റ്റന്റ് ട്വീറ്റി പ്രകാരമുള്ള ഉത്തരവുകൾ (ലെറ്റർ റോട്ടറി)​
ആവശ്യമാണെന്നും കത്തിൽ പറയുന്നു.വിവരങ്ങൾ കൈമാറാനാവില്ലെന്ന് വാട്സാപ്പും വ്യക്തമാക്കി.

യൂണിറ്റി എഗൈനസ്റ്റ് ലെഫ്റ്റ്, ഫ്രണ്ട്‌സ് ഒഫ് ആർ.എസ്.എസ് എന്നീ വാട്‌സാപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങളുടെ ചാറ്റ് വിവരങ്ങളാണ് പൊലീസ് ആവശ്യപ്പെട്ടത്. വാട്‌സാപ്പിനും ഗൂഗിളിനും ഇതുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് കത്തയച്ചിരുന്നു. ഇതിൽ ഗൂഗിളിന്റെ മറുപടിയാണ് ഇപ്പോൾ പുറത്ത് വന്നത്. 2020 ജനുവരി അഞ്ചിനാണ് ജെ.എൻ.യുവിൽ സംഘർഷമുണ്ടായത്. മാസ്‌ക് ധരിച്ചെത്തിയ നൂറോളം പേർ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമെതിരെ അക്രമം അഴിച്ചു വിടുകയായിരുന്നു. സംഭവത്തിൽ അദ്ധ്യാപകർ ഉൾപ്പടെ 36 പേർക്ക് പരിക്കേറ്റിരുന്നു. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.