രാജ്യത്താദ്യമായി മദ്ധ്യപ്രദേശിലെ 35കാരനാണ് രോഗം സ്ഥിരീകരിച്ചത്
ന്യൂഡൽഹി: കൊവിഡ് ബാധിച്ചവർക്ക് ഭീഷണിയായി ശ്വാസകോശത്തെ ബാധിക്കുന്ന ഗ്രീൻ ഫംഗസ് എന്ന പുതിയ രോഗം മദ്ധ്യപ്രദേശിലെ ഇൻഡോറിൽ 34കാരനിൽ സ്ഥിരീകരിച്ചു. രാജ്യത്ത് പലയിടത്തും റിപ്പോർട്ട് ചെയ്ത ബ്ളാക്ക് ഫംഗസിൽ നിന്ന് വ്യത്യസ്തമാണ് പുതിയ അണുബാധയെന്ന് ഇൻഡോർ ശ്രീ അരബിന്ദോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (സെയിംസ്) റിപ്പോർട്ട് ചെയ്തു.
അന്തരീക്ഷത്തിൽ പൊതുവായി കാണപ്പെടുന്ന ആസ്‌പെർജിലോസിസ് വർഗത്തിൽപ്പെട്ട ഒരു ഫംഗസാണ് പുതിയ രോഗമുണ്ടാക്കുന്നതെന്ന് സെയിംസ് നെഞ്ചുരോഗ വിഭാഗം മേധാവി ഡോ. രവി ഡോസി പറയുന്നു. ശ്വാസകോശത്തെയാണ് ഇതു ബാധിക്കുന്നത്.
രണ്ടുമാസത്തെ ചികിത്സയ്ക്ക് ശേഷം കൊവിഡ് മുക്തനായ 34കാരന് വീട്ടിലെത്തിയ ശേഷം മൂക്കിലൂടെ രക്തമൊലിപ്പും പനിയും ബാധിച്ചു. ബ്ളാക്ക് ഫംഗസ് ആയിരിക്കുമെന്ന നിഗമനത്തിൽ ചികിത്സ തുടങ്ങിയെങ്കിലും പിന്നീടാണ് പുതിയ രോഗമെന്ന് ബോധ്യപ്പെട്ടത്. ഗ്രീൻ ഫംഗസ് താരതമ്യേനെ അപകടം കുറഞ്ഞ രോഗമായാണ് ഇതുവരെ കണാക്കാക്കിയിരുന്നത്. എന്നാൽ പ്രതിരോധ ശേഷി കുറഞ്ഞ കൊവിഡ് രോഗികളുടെ ശ്വാസകോശത്തിലും രക്തത്തിലും സൈനസ് ദ്രവങ്ങളിലും കടന്ന് അപകടകാരിയാകുമെന്നാണ് ഡോക്‌ടർമാരുടെ ആശങ്ക.
ഫംഗസ് രോഗങ്ങളെ നിറത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കരുതെന്ന ഡൽഹി എയിംസ് മേധാവി രൺദീപ് ഗുലേറിയയുടെ നിർദ്ദേശത്തെ തള്ളിയാണ് ഗ്രീൻ ഫംഗസ് റിപ്പോർട്ട് ചെയ്തത്. നിറത്തിന്റെയും ബാധിക്കുന്ന അവയവത്തിന്റെയും പേരിൽ രോഗത്തെ വർഗീകരിക്കുന്നത് ആശയക്കുഴമുണ്ടാക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ബ്ളാക്ക് ഫംഗസ്, യെല്ലോ ഫംഗസ് രോഗങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് അദ്ദേഹം പ്രതികരിച്ചത്.
എന്നാൽ ഗ്രീൻ ഫംഗസ് തീർത്തും വ്യത്യസ്തമാണെന്ന് ഇൻഡോറിലെ സെയിംസ് ഡോക്‌ടർ പറയുന്നു. നിറമനുസരിച്ചുള്ള കോഡിംഗ് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.