10, 11, 12 അനുപാതം 30:30:40
പരാതിയുള്ളവർക്കായി പരീക്ഷ
10-ാം ക്ലാസ് ഫലം ജൂലായ് 20നകം
ന്യൂഡൽഹി: കൊവിഡ് കാരണം പരീക്ഷ ഉപേക്ഷിച്ച ഈ വർഷത്തെ പന്ത്രണ്ടാം ക്ളാസ് മൂല്യനിർണയം 10,11,12 ക്ലാസുകളിലെ പ്രകടനം 30:30:40 അനുപാതത്തിൽ കണക്കാക്കിയാവുമെന്ന് സി.ബി.എസ്.ഇയും, ഇതിനൊപ്പം അവസാന ആറു വർഷത്തെ പ്രകടനം കൂടി വിലയിരുത്തുമെന്ന് ഐ.സി.എസ്.ഇയും സുപ്രീംകോടതിയെ അറിയിച്ചു.
പ്രാക്ടിക്കൽ, ഇന്റേണൽ അസസ്‌മെന്റ്, പ്രോജക്ട് മൂല്യനിർണയം പൂർത്തിയാക്കാനുള്ള സമയം 28 ലേക്കു നീട്ടി. അതിന്റെ മാർക്കും തിയറി മാർക്കും ചേർന്നതാകും അന്തിമ ഫലം. പന്ത്രണ്ടാം ക്ലാസ് ഫലം ജൂലായ് 31ന് മുൻപ് പ്രസിദ്ധീകരിക്കും. പത്താം ക്ളാസിന്റേത് ജൂലായ് 20നകവും.
ഓരോ വിഷയത്തിലും വിദ്യാർത്ഥിയുടെ പ്രാപ്തി അളന്ന് കൃത്യമായ മൂല്യനിർണയത്തിനാണ് മൂന്നു വർഷത്തെ മാർക്ക് മാനദണ്ഡമാക്കുന്നതെന്ന് പരീക്ഷാ ബോർഡുകൾക്കു വേണ്ടി അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ കോടതിയെ അറിയിച്ചു. പരാതിയുള്ളവർക്ക് പിന്നീട് എഴുത്തുപരീക്ഷ നടത്തും. ഇത് അംഗീകരിച്ച ജസ്റ്റിസുമാരായ എ.എം.ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവരുൾപ്പെട്ട ബെഞ്ച്, പരീക്ഷ റദ്ദാക്കിയത് പുന:പരിശോധിക്കാൻ ആവശ്യപ്പെടുന്ന ഹർജികൾ തള്ളി.
30 :30:40
പത്താം ക്ളാസിലെ ഇംഗ്ലീഷ്, ഹിന്ദി, ജനറൽ സയൻസ്, കണക്ക്, സോഷ്യൽ സയൻസ് തിയറി എന്നീ അഞ്ചു വിഷയങ്ങളെടുത്ത്, അതിൽ മികച്ച മൂന്ന് മാർക്കുകളുടെ ശരാശരിയുടെ 30% വെയിറ്റേജ്. ഉദാഹരണമായി 80ൽ 80 മാർക്കും ലഭിച്ച വിദ്യാർത്ഥിക്ക് 24 മാർക്ക് നൽകും. 80ൽ 60 ലഭിച്ച കുട്ടിക്ക് 18 മാർക്ക്.
11ാം ക്ലാസിലെ ബോർഡ് പരീക്ഷയുടെ ശരാശരിയുടെ 30 ശതമാനം വെയിറ്റേജ്.
12ാം ക്ലാസിലെ യൂണിറ്റ്, മദ്ധ്യവാർഷിക, പ്രീ ബോർഡ് പരീക്ഷകളുടെ ശരാശരിയുടെ 40 ശതമാനം വെയിറ്റേജ്.
റിസൾട്ട്
കമ്മിറ്റി
സ്കൂളുകൾ സ്വന്തം വിദ്യാർത്ഥികൾക്ക് അധിക മാർക്ക് നൽകുമെന്ന ആരോപണം ഒഴിവാക്കാൻ, ഓരോ സ്കൂളും അഞ്ചംഗ റിസൾട്ട് കമ്മിറ്റി രൂപീകരിക്കും. പ്രിൻസിപ്പൽ, മുതിർന്ന രണ്ട് അദ്ധ്യാപകർ, അടുത്തുള്ള സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളിലെ 12ൽ പഠിപ്പിക്കുന്ന രണ്ട് അദ്ധ്യാപകർ എന്നിവരുൾപ്പെട്ടതാവും കമ്മിറ്റി.
പന്ത്രണ്ടാം ക്ലാസിൽ ഒന്നോ അതിലധികമോ യൂണിറ്റ് പരീക്ഷ, മിഡ് ടേം, പ്രീ ബോർഡ് പരീക്ഷകളുണ്ടെങ്കിൽ ഏതു പരീക്ഷ പരിഗണിക്കണമെന്ന് കമ്മിറ്റി തീരുമാനിക്കും. സ്കൂളുകളുടെ അവസാന മൂന്നു വർഷത്തെ ബോർഡ് എക്സാമിന്റെ പ്രകടനം മാർക്ക് മോഡറേറ്റ് ചെയ്യുന്നതിൽ പരിഗണിക്കും.
ഐ.സി.എസ്.ഇ ഫലം
പത്താം ക്ലാസ് ബോർഡ് പരീക്ഷ, 11,12 ക്ലാസുകളിൽ സ്കൂളിൽ നടത്തിയ പരീക്ഷകൾ, ആറ് വർഷം (2015 മുതൽ 2020 വരെ) സ്കൂൾ തലത്തിലും വിവിധ പരീക്ഷകളിലും വിദ്യാർത്ഥിയുടെ പ്രകടനം എന്നിവ മാനദണ്ഡം.
തോറ്റാൽ വീണ്ടും പരീക്ഷ
മൂല്യനിർണയത്തിൽ വിദ്യാർത്ഥിക്ക് വിജയിക്കാനുള്ള മാർക്ക് ലഭിച്ചില്ലെങ്കിൽ അവരെ എസൻഷ്യൽ റിപ്പീറ്റ് അല്ലെങ്കിൽ കംപാർട്ട്മെന്റ് കാറ്റഗറിയായി കണക്കാക്കി എഴുത്തു പരീക്ഷ നടത്തും.
മൂല്യനിർണയ മാനദണ്ഡങ്ങൾ കൃത്യമായി നടപ്പിലാക്കി ഫലപ്രഖ്യാപനം വേഗത്തിലാക്കണം. പരീക്ഷ ആവശ്യപ്പെടുന്നവർക്കായി തീയതിയും നിശ്ചയിക്കണം
- സുപ്രീംകോടതി