ന്യൂഡൽഹി: വാക്സിൻ എടുത്തവർക്ക് കൊവിഡ് രോഗത്തെ വലിയൊരുപരിധിവരെ തടഞ്ഞു നിറുത്താനും അഥവാ ബാധിച്ചാൽ ആശുപത്രി വാസമില്ലാതെ സുഖപ്പെടാനും കഴിയുമെന്ന് നീതി ആയോഗിലെ ആരോഗ്യ വിഭാഗം പ്രതിനിധിയായ ഡോ. വി.കെ. പോൾ പറഞ്ഞു.
വാക്സിൻ എടുത്തവർക്ക് ആശുപത്രി വാസം 75-80 ശതമാനം വരെ കുറവാണെന്ന് പഠനങ്ങൾ തെളിയിക്കുന്നതായി വി.കെ. പോൾ പറഞ്ഞു. വാക്സിൻ എടുത്തവരിൽ എട്ടു ശതമാനം ആളുകൾക്കാണ് ഓക്സിജൻ വേണ്ടിവന്നത്. ആറു ശതമാനം ആളുകൾ മാത്രമാണ് ഐ.സി.യു വിൽ പ്രവേശിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രവർത്തകരുടെ സുരക്ഷാ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്താൻ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.