ന്യൂഡൽഹി: സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ ഡൽഹിയിലെ 'ബാബാ കാ ദാബ" എന്ന ചായക്കടയുടെ ഉടമസ്ഥൻ കാന്താ പ്രസാദിനെ (81) അബോധാവസ്ഥയിൽ കണ്ടെത്തി. നിലവിൽ സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലാണ്. മദ്യവും അമിതമായി ഉറക്ക ഗുളികയും കഴിച്ച് ഇയാൾ അബോധാവസ്ഥയിലായെന്നാണ് ആശുപത്രിയി റിപ്പോർട്ടിൽ പറയുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊവിഡ് കാരണം കച്ചവടം ഇല്ലാത്തതിനാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാന്ത പ്രസാദിന് വിഷാദ രോഗം ബാധിച്ചിരുന്നതായി ഭാര്യ അറിയിച്ചു.
കാന്താപ്രസാദും ഭാര്യയും ഡൽഹിയിലെ മാളവ്യ നഗറിൽ ബാബാ കാ ദാബ എന്ന പേരിൽ ചായക്കട നടത്തിവരികയായിരുന്നു. കഴിഞ്ഞ വർഷം ലോക്ക്ഡൗൺ കാലത്താണ് യൂട്യൂബർ ഗൗരവ് വാസൻ ഇവരുടേയും ദുരിതകഥ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത്. നിമിഷങ്ങൾക്കുള്ളിൽ വീഡിയോ വൈറലാവുകയും ബോളിവുഡിൽ നിന്നടക്കം നാനാഭാഗത്ത് നിന്നും കാന്താപ്രസാദിനെ തേടി സഹായഹസ്തങ്ങൾ എത്തുകയും ചെയ്തിരുന്നു.
ശേഷം തങ്ങൾക്ക് സംഭാവനയെന്ന പേരിൽ ഓൺലൈനിലൂടെ ഫണ്ട് സമാഹരിച്ച് ഗൗരവ് വാസൻ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് കാന്തപ്രസാദ് പരാതിയുമായി രംഗത്തെത്തി. പൊലീസ് അന്വേഷിച്ചെങ്കിലും കുറ്റം തെളിയിക്കാനായില്ല. ശേഷം ദമ്പതികൾ ഹോട്ടൽ ആരംഭിച്ചെങ്കിലും രണ്ടാം കൊവിഡ് തരംഗം ഹോട്ടൽ പൂട്ടിച്ചു. ഇതോടെ കഴിഞ്ഞ മാസം ഇരുവരും തെരുവിലെ പഴയ ദാബ നടത്തിപ്പിനായി മടങ്ങിയെത്തിയതായും വാർത്തകൾ വന്നിരുന്നു.