modi

ന്യൂഡൽഹി: ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകിയ 370-ാം വകുപ്പ് പിൻവലിച്ച് രണ്ടു വർഷം തികയുന്ന വേളയിൽ ജമ്മുകാശ്‌മീരിന് സംസ്ഥാന പദവി ഉറപ്പാക്കാനും നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനുമുള്ള നടപടിക്രമങ്ങൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി 24ന് സർവകക്ഷി യോഗം വിളിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച ഉന്നതതല യോഗം ജമ്മുകാശ്മീരിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തി.

വരുന്ന ഡിസംബറിലോ അടുത്ത വർഷം ആദ്യമോ ഘട്ടം ഘട്ടമായി ജമ്മുകാശ്മീരിൽ തിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി സർവകക്ഷി യോഗം വിളിക്കുന്നതെന്നാണ് വിവരം. ജമ്മുകാശ്മീരിലെ 11കക്ഷികൾക്ക് ക്ഷണക്കത്ത് അയച്ചിട്ടുണ്ട്. 16 കക്ഷികളെയെങ്കിലും പങ്കെടുപ്പിക്കാനാണ് നീക്കം. യോഗത്തിനുള്ള ക്ഷണം ലഭിച്ചതായി പി.ഡി.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബാ മുഫ്തി സ്ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് പ്രമുഖ കക്ഷികളുടെ യോഗം ഇന്ന് ചേരുമെന്ന് മുഫ്തി പറഞ്ഞു.

ജമ്മുകാശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കിയതിന് പിന്നാലെ പ്രതിപക്ഷ കക്ഷികൾ ചേർന്ന് പ്യൂപ്പിൾസ് അലയൻസ് ഫോർ ഗുപ്കാർ ഡിക്ളറേഷൻ (പി.എ.ജി.ഡി -ഗുപ്കാർ)സഖ്യത്തിന് രൂപം നൽകിയിരുന്നു. നാഷണൽ കോൺഫറൻസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്‌ദുള്ളയാണ് അദ്ധ്യക്ഷൻ. കേന്ദ്രസർക്കാരുമായി നേരിട്ട് സംവദിക്കാനുള്ള ആദ്യത്തെ അവസരമായതിനാൽ മോദിയുടെ യോഗത്തിൽ പങ്കെടുക്കണമെന്നാണ് പൊതുവെയുള്ള വികാരം.

2019 ആഗസ്റ്റിലാണ് ജമ്മുകാശ്‌മീരും ലഡാക്കുമായി വിഭജിച്ച് കേന്ദ്രഭരണ പ്രദേശമാക്കിയത്. വൈകാതെ ജമ്മുകാശ്മീരിന് സംസ്ഥാന പദവി നൽകി തിരഞ്ഞെടുപ്പ് നടത്തുമെന്ന് കേന്ദ്രസർക്കാർ ഉറപ്പു നൽകിയിരുന്നു. എന്നാൽ സംസ്ഥാനത്ത് പ്രതിഷേധങ്ങൾ അരങ്ങേറുകയും മുഖ്യ പ്രതിപക്ഷ പാർട്ടി നേതാക്കൾ വീട്ടുതടങ്കലിലാകുകയും ചെയ്തു. ഇപ്പോൾ സ്ഥിതിഗതികൾ അനുകൂലമായെന്നാണ് കേന്ദ്രസർക്കാരിന്റെ വിലയിരുത്തൽ. കഴിഞ്ഞവർഷം ജില്ലാ വികസന കൗൺസിലുകളിലേക്ക് തിരഞ്ഞെടുപ്പ് നടത്താനായത് കേന്ദ്രസർക്കാരിന് ആത്മവിശ്വാസം നൽകുന്നു.

ജമ്മുകാശ്‌മീരിലെ സ്ഥിതിഗതികൾ കഴിഞ്ഞ ദിവസത്തെ യോഗത്തിൽ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയും ഡി.ജി.പി ദിൽബാംഗ് സിംഗും വിശദീകരിച്ചു. 370-ാം വകുപ്പ് എടുത്തു കളഞ്ഞതിന്റെ രണ്ടാം വാർഷികത്തിലെ പ്രതിഷേധ സാദ്ധ്യതകളും അമർനാഥ് തീർത്ഥ യാത്ര പുനരാരംഭിക്കുന്നതും കണക്കിലെടുത്താണ് യോഗം വിളിച്ചത്. അമിത് ഷായ്ക്ക് പുറമെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ, ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ഐ.ബി മേധാവി അർവിന്ദ് കുമാർ, സി.ഐ.എസ്.എഫ്, സി.ആർ.പി.എഫ് ഉന്നതർ തുടങ്ങിയവരും പങ്കെടുത്തു.