ന്യൂഡൽഹി: കൊവിഡ് പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസിലൂടെ മൊഴി നൽകാമെന്ന ഫേസ്ബുക്കിന്റെ നിർദ്ദേശം ഐ.ടി വിഷയങ്ങൾക്കുള്ള പാർലമെന്റി സമിതി തള്ളി. പ്രതിനിധികൾക്ക് വാക്സിൻ നൽകി സുരക്ഷ ഉറപ്പാക്കാമെന്നും നേരിട്ട് ഹാജരാകാതെ പറ്റില്ലെന്നും ശശി തരൂർ അദ്ധ്യക്ഷനായ സമിതി മറുപടി നൽകി.
രണ്ടാം കൊവിഡ് വ്യാപനത്തിന് ശേഷം നേരിട്ടുള്ള യോഗങ്ങളും ചർച്ചകളും ഒഴിവാക്കാനാണ് കമ്പനി തീരുമാനമെന്നും അതിനാൽ വീഡിയോ കോൺഫറൻസ് വഴി മൊഴി രേഖപ്പെടുത്താമെന്നും ഐ.ടി സമിതിയെ ഫേസ്ബുക്ക് അറിയിച്ചിരുന്നു. എന്നാൽ ഓൺലൈൻ ചർച്ച പറ്റില്ലെന്നും പ്രതിനിധികളോട് നേരിട്ട് സംസാരിക്കണമെന്നും സമിതി മറുപടി നൽകി. പ്രതിനിധികൾക്ക് കൊവിഡ് പ്രതിരോധ കുത്തിവയ്പെടുക്കാനുള്ള സാവകാശം നൽകാമെന്നും അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ട്വിറ്റർ പ്രതിനിധികൾ സമിതിക്ക് മുന്നിൽ ഹാജരായിരുന്നു. ഗൂഗിൾ, യൂട്യൂബ് തുടങ്ങി പ്രമുഖ സാമൂഹ്യമാദ്ധ്യമ പ്ളാറ്റ്ഫോമുകളുടെ പ്രതിനിധികളെയെല്ലാം വിളിപ്പിക്കാനാണ് തീരുമാനം. ആക്ഷേപകരമായ ഉള്ളടക്കം പ്രചരിക്കുന്നത് തടയാനും സ്ത്രീ സുരക്ഷ ഉറപ്പാക്കാനും കൈക്കൊണ്ട നടപടികൾ വിശദീകരിക്കാനാണിത്.