മരണസർട്ടിഫിക്കറ്റിൽ കൊവിഡ് രേഖപ്പെടുത്തിയില്ലെങ്കിൽ നടപടി
ന്യൂഡൽഹി : കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്ന സത്യവാങ്മൂലവുമായി കേന്ദ്രം സുപ്രീംകോടതിയിൽ. മഹാമാരിക്കാലത്ത് അനുവദിച്ച നികുതി ഇളവുകളും ആരോഗ്യരംഗത്തെ അധികചെലവുകളും കാരണം കേന്ദ്രവും സംസ്ഥാനങ്ങളും സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം 183 പേജുള്ള സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
2005ലെ ദുരന്തനിവാരണ നിയമത്തിലെ സെക്ഷൻ 12 അനുസരിച്ച് നാലു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകരായ ഗൗരവ് കുമാർ ബൻസാൽ, രീപക് ഖൻസാൽ എന്നിവർ സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസുമാരായ അശോക് ഭൂഷൻ, എം.ആർ. ഷാ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രത്തിന്റെ വിശദീകരണം തേടിയിരുന്നു. കോസിൽ ഇന്ന് വാദം കേൾക്കും.
കീഴ്‌വഴക്കമില്ല
സംസ്ഥാന, കേന്ദ്ര ദുരിതാശ്വാസ ഫണ്ട് ഭൂമികുലുക്കം, വെള്ളപ്പൊക്കം തുടങ്ങി പ്രകൃതി ദുരന്തങ്ങളിൽപ്പെടുന്നവർക്ക് സഹായം എത്തിക്കാൻ ചെലവിടണമെന്നാണ് നിയമം . കൊവിഡിൽ നാല് ലക്ഷത്തോളം പേർ മരിച്ചു.മരണനിരക്ക് ഇനിയും ഉയരാം.അവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം വീതം നൽകിയാൽ സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലുള്ള പണം മറ്റൊന്നിനും ചെലവഴിക്കാനില്ലാതെ വരും. മഹാമാരിയിൽ മരിച്ചവർക്ക് നഷ്ടപരിഹാരം നൽകുന്ന കീഴ് വഴക്കം ഇല്ല. ഇനി അതിന് മുതിർന്നാൽ മറ്റു രോഗബാധിതരോട് കാട്ടുന്ന വിവേചനമാകും.
മരണ സർട്ടിഫിക്കറ്റിൽ
കൊവിഡ് എഴുതണം
കൊവിഡ് മരണം സംഭവിച്ചാൽ മരണസർട്ടിഫിക്കറ്റിൽ കൊവിഡ് എന്നു രേഖപ്പെടുത്താൻ നിർദേശിച്ചിട്ടുണ്ടെന്നും അങ്ങനെചെയ്തില്ലെങ്കിൽ ഡോക്ടർക്കെതിരെ നടപടി സ്വീകരിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.
കൊവിഡു കാരണം മരിച്ചിട്ടും മരണസർട്ടിഫിക്കറ്റിൽ അത് രേഖപ്പെടുത്താത്തത് അനുകൂല്യങ്ങൾ നിഷേധിക്കാൻ കാരണമാകുമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിലാണ് ഇക്കാര്യം സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയത്.