jammu-kashmir

ന്യൂഡൽഹി : 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജമ്മു കാശ്മീരിലെ രാഷ്ട്രീയ നേതാക്കളും തമ്മിൽ നടക്കാനിരിക്കുന്ന സർവകക്ഷിയോഗം കാശ്മീരിൻ്റെ അതിർത്തി നിർണ്ണയം സംബന്ധിച്ച വിഷയങ്ങളെക്കുറിച്ചും ഭാവി നടപടികളെക്കുറിച്ചും ചർച്ചചെയ്യാനാണെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച നടക്കുന്നത്. കാശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിൻ്റെ ഭാഗമായാണ് യോഗം വിളിച്ചിരിക്കുന്നതെന്ന ചർച്ചകൾക്ക് വിരാമമിട്ടുകൊണ്ടാണ് ഉന്നതസർക്കാർ വൃത്തങ്ങളുടെ പ്രതികരണം.

അസംബ്ലി,​ ലോക്സഭാ മണ്ഡലങ്ങൾ വേതിരിക്കലാണ് അതിർത്തി നിർണ്ണയത്തിൻ്റെ പ്രധാന ഉദ്ദേശം. ഇവ പൂർത്തിയാക്കിയാൽ മാത്രമേ അസംബ്ലി തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിക്കാനാകൂ. ഡിസംബറിലോ അടുത്ത വ‌ർഷം ആദ്യമോ തിരഞ്ഞെടുപ്പുണ്ടാകും. അതിർത്തി നിർണയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം റിട്ട.ജസ്റ്റിസ് രജ്ഞൻ പ്രകാശ് ദേശായി അദ്ധ്യക്ഷനായ സമിതിയ്ക്ക് രൂപം നൽകിയിരുന്നു. അതിർത്തി സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ ജില്ലാ കമ്മിഷണർമാ‌രോട് സമിതി തേടിയിരുന്നു. എന്നാൽ നാഷണൽ കോൺഫറൻസ് ,പി.ഡി.പി തുടങ്ങി ഭൂരിഭാഗം രാഷ്ട്രീ കക്ഷികളും കമ്മിഷനോട് സഹകരിച്ചില്ല.

സംസ്ഥാന പദവി ചർച്ചയായേക്കും

സംസ്ഥാന പദവി പുനഃസ്ഥാപനം ചർച്ചയായേക്കുമെങ്കിലും അതിർത്തിനിർണ്ണയമാണ് പ്രധാന അജണ്ട. സംസ്ഥാന പദവി പുനഃസ്ഥാപനത്തിന് പാർലമെൻ്റിൻ്റെ അനുമതി ആവശ്യമാണ്.എന്നാൽ ജമ്മു -കാശ്മീരിൻ്റെ പ്രത്യേക പദവി ഇനിയൊരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

2019ന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച

2019ൽ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി കാശ്മീർ നേതാക്കളുമായുള്ള സ‌ർവകക്ഷിയോഗം വിളിക്കുന്നത്. ചർച്ചയുടെ ഭാഗമാകണോ വേണ്ടയോ എന്നതിനെക്കുറിച്ച് തീരുമാനമെടുക്കാൻ നാഷണൽ കോൺഫറൻസ് നേതാവ് ഫാറുഖ് അബ്ദുള്ള അടക്കമുള്ള നേതാക്കൾ ജമ്മു -കാശ്മീരിൽ യോഗം വിളിച്ചിട്ടുണ്ട്.

കാശ്മീരിലെ 11 കക്ഷികളിലെ 16 നേതാക്കളെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയാണ് യോഗത്തിലേക്ക് ക്ഷണിച്ചത്.