modi

ന്യൂഡൽഹി: ലോകത്തെവിടെയും കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ ആത്മവിശ്വാസവും ശക്തിയും കൂട്ടിച്ചേർക്കാൻ യോഗ സഹായിച്ചുവെന്ന് അന്താരാഷ്‌ട്ര യോഗ ദിന സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മഹാമാരിക്കാലത്ത് യോഗാദിനം മറക്കാൻ എളുപ്പമായിരുന്നെങ്കിലും ആഗോളതലത്തിൽ യോഗയോടുള്ള ഉത്സാഹം വർദ്ധിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വൈറസിന്റെ പ്രത്യാഘാതങ്ങളെ നേരിടാൻ ജനങ്ങളും ഡോക്ടർമാരും നഴ്‌സുമാരും യോഗയെ സ്വീകരിച്ചു. ശ്വസനവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് ശ്വസന വ്യായാമങ്ങൾക്ക് പ്രാധാന്യമുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു.
യോഗ രോഗത്തിന്റെ മൂലകാരണത്തിലേക്ക് പോകുമെന്നും രോഗശാന്തിക്ക് കാരണമാകുമെന്നും തിരുവള്ളുവറിനെ ഉദ്ധരിച്ച് മോദി പറഞ്ഞു. അത് ശാരീരിക, മാനസികാരോഗ്യത്തെ പരിപാലിക്കുന്നു. ആഗോളതലത്തിൽ യോഗയുടെ രോഗശാന്തി ഗുണങ്ങളിൽ ഗവേഷണം നടക്കുന്നുന്നത് നല്ല കാര്യമാണ്. യോഗ കുട്ടികളെയും കൊവിഡിനെതിരെ പോരാടാൻ സജ്ജമാക്കും. യോഗ നമ്മുടെ ആന്തരിക ശക്തിയുമായി സമ്പർക്കം പുലർത്തുകയും എല്ലാത്തരം നിഷേധാത്മകതകളിൽ നിന്നും നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നു. യോഗ നമുക്ക് സന്തോഷകരമായ ഒരു ജീവിതരീതി നൽകുന്നുവെന്നും മോദി പറഞ്ഞു.

എംയോഗ ആപ്പ്

ലോകാരോഗ്യ സംഘടനയും കേന്ദ്ര ആയുഷ് മന്ത്രാലയവും സംയുക്തമായി ആവിഷ്കരിച്ച
വിവിധ ഭാഷകളിൽ യോഗ പരിശീലന വീഡിയോകൾ അടങ്ങിയ എംയോഗ ആപ്പ് പ്രധാനമന്ത്രി പുറത്തിറക്കി. ആധുനിക സാങ്കേതികവിദ്യയും പുരാതന ശാസ്ത്രവും ഒന്നിക്കുന്ന യോഗ ആപ്പ് ലോകമെമ്പാടും യോഗ വ്യാപിപ്പിക്കാൻ സഹായിക്കുമെന്നും ഒരു ലോകം ഒ​റ്റ ആരോഗ്യം എന്നതിലേക്കുള്ള വലിയ ചുവടു വയ്പാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഓരോ വ്യക്തിയിലേക്കും എത്തിച്ചേരേണ്ടത് പ്രധാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ആപ്പിൽ 12-65 പ്രായക്കാർക്കുള്ള ആസനങ്ങളാണുള്ളത്. തുടക്കത്തിൽ ഇംഗ്ളീഷ്, ഹിന്ദി, പഞ്ചാബി, ഫ്രഞ്ച് ഭാഷകൾ. പിന്നീട് കൂടുതൽ ഭാഷകളിലെത്തും.