
ന്യൂഡൽഹി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നാലു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് നിർദ്ദേശം നൽകണമെന്ന ഹർജി സുപ്രീംകോടതി വിധി പറയാൻ മാറ്റി. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എം.ആർ. ഷാ എന്നിവർ ഉൾപ്പെട്ട അവധിക്കാല ബെഞ്ച് രണ്ടു മണിക്കൂറോളം ഹർജിയിൽ വാദം കേട്ട ശേഷമാണ് വിധി പറയാൻ മാറ്റിയത്. ഒപ്പം ദേശീയ ദുരന്ത നിവാരണ അതോറിട്ടി മുമ്പ് ഇത്തരത്തിൽ നഷ്ടപരിഹാരം നൽകുകയോ സമാന അഭ്യർത്ഥനകൾ നിരസിക്കുകയോ ചെയ്തിട്ടുണ്ടോയെന്നും ആരാഞ്ഞു. ഇതുസംബന്ധിച്ച് മൂന്നു ദിവസത്തിനുള്ളിൽ മറുപടി രേഖാമൂലം ഫയൽ ചെയ്യണമെന്നും കൊവിഡ് മരണസർട്ടിഫിക്കറ്റ് ബന്ധുക്കൾക്ക് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
ഭരണഘടനപരമായ കടമകൾ നിർവഹിക്കാൻ സാമ്പത്തിക ഞെരുക്കത്തെ ആയുധമാക്കരുതെന്ന് ഇന്നലെ ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എസ്.ബി. ഉപാദ്ധ്യായ കോടതിയെ അറിയിച്ചു. ദുരന്ത നിവാരണ നിയമം അനുസരിച്ച് ആശ്രിതർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള വ്യവസ്ഥ 2021വരെയുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കൊവിഡ് പോലെയുള്ള ദുരന്തങ്ങൾക്ക് ഇൻഷുറൻസ് പദ്ധതികളാണ് ഏറ്റവും നല്ലതെന്നാണ് ധനകാര്യ കമ്മിഷൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നതെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി. എന്നിരുന്നാലും ധനകാര്യ കമ്മിഷന്റെ ശുപാർശകൾക്ക് നിയമപരമായ കടമകളെ മറികടക്കാൻ സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിൽ സംസ്ഥാനങ്ങൾക്ക് ഏകീകൃത രൂപം വേണമെന്ന് മറ്റു കക്ഷിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ സുമാർ സോധി ആവശ്യപ്പെട്ടു. ബിഹാർ നാലു ലക്ഷം നൽകിയപ്പോൾ ചില സംസ്ഥാനങ്ങൾ ഒരു ലക്ഷം രൂപയാണ് പ്രഖ്യാപിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൊവിഡ് ബാധിച്ച് മരിച്ചവർക്ക് നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്ന് ഇന്നലെ കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.