ന്യൂഡൽഹി: ഉത്തർപ്രദേശ് സർക്കാർ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലാക്കിയ മാദ്ധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ജാമ്യഹർജിയിൽ വാദം കേൾക്കുന്നത് മഥുര കോടതി അടുത്തമാസം അഞ്ചിലേക്ക് മാറ്റി.
സിദ്ദിഖ് കാപ്പൻ നിരപരാധിയാണെന്നും ജോലിക്കിടെ അന്യായമായാണ് അദ്ദേഹത്തെ യു.പി പൊലീസ് അറസ്റ്റ് ചെയ്തതതെന്നും സിദ്ദിഖിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. മാദ്ധ്യമപ്രവർത്തകനായ സിദ്ദിഖ് ജോലി സമയത്ത് പാലിക്കേണ്ട പ്രസ് കൗൺസിൽ ഒഫ് ഇന്ത്യയുടെ മാർഗനിർദ്ദേശങ്ങൾ എല്ലാ പാലിച്ചിട്ടുണ്ട്.
മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ട് ഏഴു മാസമായി ജയിലിലാണ്. ഭീകരനെ പോലെ ചിത്രീകരിക്കുകയുമാണ് പൊലീസ്.
കാപ്പന് പ്രമേഹവും മറ്റു വിഷമതകളുമുണ്ടെന്നും രണ്ടു തവണ കൊവിഡ് ബാധിതനായെന്നും ചികിത്സയ്ക്ക് കൊണ്ടുപോയപ്പോൾ കട്ടിലിൽ കെട്ടിയിട്ടും മറ്റും മൃഗത്തോടെന്ന പോലെയാണ് പെരുമാറിയത്. കഴിഞ്ഞ ദിവസം മാതാവ് മരണപ്പെട്ടു. ഇതെല്ലാം കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടു.
ഉത്തർപ്രദേശിലെ ഹാഥ്‌രസിൽ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ വാർത്താശേഖരണാർത്ഥം പോകുന്നതിനിടെ മഥുര പൊലീസാണ് സിദ്ദീഖ് കാപ്പൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്. പിന്നീട് യു.എ.പി.എ ചുമത്തി. ആദ്യം എടുത്ത കേസ് തെളിവില്ലാത്തതിനാൽ മഥുര കോടതി തള്ളിയിരുന്നു.