ന്യൂഡൽഹി: രാജ്യത്ത് കൊവിഷീൽഡ് വാക്സിന്റെ രണ്ടാം ഡോസിനുള്ള ഇടവേള 12-16 ആഴ്ചയാക്കിയത് പുനഃപരിശോധിക്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇടവേള വർദ്ധിപ്പിച്ചത് ശാസ്ത്രീയ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണെന്നും നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻ ഇൻ ഇന്ത്യയിലെ (എൻ.ടി.എ.ജി.ഐ) വിദഗ്ദ്ധർക്കിടയിൽ ഭിന്നാഭിപ്രായമുണ്ടെന്ന വാർത്ത ശരിയല്ലെന്നും ആരോഗ്യമന്ത്രാലയം വിശദീകരിച്ചു.
മേയ് 13ന് കൊവിഷീൽഡ് വാക്സിന്റെ രണ്ടാം ഡോസ് ഇടവേള 4-6 ആഴ്ചയിൽ നിന്ന് 12-16 ആഴ്ചയായി വർദ്ധിപ്പിച്ചതിനെ ചൊല്ലി വിദഗ്ദ്ധർക്കിടയിൽ ഭിന്നാഭിപ്രായമുണ്ടെന്ന വാർത്തകൾക്കിടെയാണ് കേന്ദ്രസർക്കാരിന്റെ പ്രതികരണം. വാക്സിൻ ക്ഷാമം നേരിടാൻ ഇടവേള വർദ്ധിപ്പിച്ചതാണെന്ന വിമർശനവുമുണ്ട്.
മേയ് 10ന് നടന്ന എൻ.ടി.എ.ജി.ഐ യോഗത്തിൽ ഇടവേള വർദ്ധിപ്പിക്കുന്ന കാര്യം വിശദമായി ചർച്ച ചെയ്തെന്നും യു.കെയിൽ നടത്തിയ പഠനങ്ങളിൽ നിന്ന് ലഭിച്ച ശാസ്ത്രീയ വിവരങ്ങളാണ് പരിഗണിച്ചതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. പിന്നീട് ഐ.സി.എം.ആർ മേധാവി ബൽറാം ഭാർഗവ അടക്കം പങ്കെടുത്ത നടന്ന സ്റ്റാൻഡിംഗ് ടെക്നിക്കൽ സബ് കമ്മിറ്റി യോഗവും അതു വിലയിരുത്തി.
അതേസമയം ഡോസ് ഇടവേള ആവശ്യമെങ്കിൽ പുനഃനിശ്ചയിക്കാൻ തടസമില്ലെന്ന് നീതി ആയോഗിലെ ആരോഗ്യ പ്രതിനിധി ഡോ. വി.കെ. പോൾ ചൂണ്ടിക്കാട്ടി. നിലവിൽ രാജ്യത്ത് പ്രതിദിനം 1.25 കോടി ഡോസ് വാക്സിൻ നൽകാൻ കഴിയുന്നുണ്ടെന്നും അടുത്ത മാസം ദിവസം 22 ഡോസ് വരെ ലഭ്യമാകുമെന്നും ഇരുവരും അറിയിച്ചു.
അതേസമയം കൊവിഷീൽഡ് ഒന്നാം ഡോസിന് ശേഷം രണ്ട്, മൂന്ന് മാസങ്ങൾ കഴിഞ്ഞ് രണ്ടാം ഡോസ് എടുക്കുന്നത് പ്രതിരോധ ശക്തി വർദ്ധിപ്പിക്കുമെന്ന് തെളിഞ്ഞതായി അസ്ട്രാസെനകാ വാക്സിൻ ചീഫ് ഇൻവെസ്റ്റിഗേറ്റർ പ്രൊഫ. ആൻഡ്രൂ പൊള്ളാർഡ് പറഞ്ഞു.